കോഴിക്കോട് : വടകരയിൽ കെ കെ രമ ആർഎംപി സ്ഥാനാർഥിയാകും. ആർഎംപിയെ യുഡിഎഫ് പിന്തുണയ്ക്കും. വിജയസാധ്യത മുൻ നിർത്തി കെ കെ രമയെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആർഎംപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാൻ ആർഎംപിയിൽ ധാരണയായി. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നാളെ നടത്തും.
നേരത്തെ സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെ സ്ഥാനാർഥി ആക്കാനായിരുന്നു തീരുമാനമെങ്കിലും കോൺഗ്രസ് ആവശ്യം ആർഎംപി അംഗീകരിക്കുകയായിരുന്നു. 2016 ൽ തനിച്ച് മൽസരിച്ച ആർഎംപി ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു.
ഒരാഴ്ച്ച മുമ്പ് വരെ സ്ഥാനാർഥിയാകാൻ ഇല്ലെന്ന് ആവർത്തിച്ച കെ കെ രമ ഒടുവിൽ സമ്മതം മൂളി. ഇതോടെ വടകരയിൽ അവരെ സ്ഥാനാർഥിയാക്കാൻ ആർഎംപി തീരുമാനിക്കുകയായിരുന്നു. അന്ന് വിജയിച്ച ജെഡിഎസിന്റെ സി കെ നാണു 49211 വോട്ടുകളാണ് നേടിയത്. ഇപ്പോഴത്തെ എൽഡിഎഫ് സ്ഥാനാർഥിയായ എൽജെഡിയുടെ മനയത്ത് ചന്ദ്രനായിരുന്നു അന്നത്തെ യുഡിഎഫ് സ്ഥാനാർഥി. മനയത്ത് ചന്ദ്രൻ അന്ന് നേടിയത് 39700 വോട്ടുകൾ. യുഡിഎഫ്– ആർഎംപി സഹകരണമുണ്ടായിരുന്നെങ്കിൽ അന്ന് ജയിക്കാമായിരുന്നുവെന്നാണ് കണക്കുകൂട്ടൽ.
അതിനെക്കാൾ ഉപരി പിണറായി വിജയൻ ഉള്ള നിയമസഭയിൽ കെ കെ രമയെ കൊണ്ടിരുത്തുന്നത് രാഷ്ട്രീയമായ വിജയം കൂടി നേടി തരുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. അതിന്റെ ഭാഗമായാണ് കോൺഗ്രസ് നിർദേശം മുന്നോട്ട് വെച്ചതും ആർഎംപി അംഗീകരിച്ചതും. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം.