തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന സാക്ഷരതയും സാമൂഹിക പുരോഗതിയുമുണ്ടായിട്ടും ഫ്യൂഡല്‍ ജാതിബോധം സമൂഹത്തില്‍ നിലനില്‍ക്കുന്നതിന്‍റെ അപകട സൂചനയാണ് പാലക്കാട്ടെ ദുരഭിമാനക്കൊലയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
നവോത്ഥാന നായകര്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച മതേതര മാനവികതയും ജാതി വിവേചനത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പോരാട്ടം സമൂഹ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. എന്നാല്‍ ഉത്തരേന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഇരുട്ടിന്‍റെ ശക്തികള്‍ കേരളത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നു. പാലക്കാട്ടെ ദുരഭിമാനക്കൊല അത്തരം ഇരുട്ടിന്‍റെ സൂചനയാണ് നല്‍കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. ജാതിക്ക് അതീതമായ മനുഷ്യത്വവും സ്നേഹവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. പെണ്‍കുട്ടികളുടെ അവകാശം നിയമംമൂലം പരിരക്ഷിതമാണ്. അവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്തം. വേര്‍പിരിക്കുന്നതിനോ, കൊന്നുകളയുന്നതിനോ അവകാശമില്ല. ദുരഭിമാനക്കൊലകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടേണ്ടത് ഓരോ പൗരന്‍റെയും ഉത്തരവാദിത്തമായി കാണണമെന്നും പെണ്‍മക്കളുടെ കണ്ണീര്‍ ഇനിയും വീഴാതിരിക്കേട്ടയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.