തിരുവനന്തപുരം : മൂന്നാം ചരമവാര്‍ഷികത്തില്‍ കെ.എം.മാണിക്ക് തലസ്ഥാനത്തിന്റെ സ്മരണാഞ്ജലി. രാഷ്ട്രീയത്തിലെയും കുടുംബജീവിതത്തിലെയും അത്യപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കിയാണ് തലസ്ഥാനം കെ.എം മാണിയെ ഓര്‍മ്മിച്ചത്. ‘മരണമില്ലാത്ത ഓര്‍മകളുടെ മൂന്നു വര്‍ഷം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എം.മാണി സ്റ്റഡി സെന്റര്‍ മ്യൂസിയം ഹാളില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനവും അനുസ്മരണവും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എംപി. ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി.
എന്നും കര്‍ഷകരുടെയും അവശ ജനവിഭാഗങ്ങളുടെയും തോഴനായിരുന്നു കെ.എം.മാണിയെന്ന് ജോസ് കെ.മാണി എംപി. അനുസ്മരിച്ചു. കരുതലിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്നു അദ്ദേഹമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അനുസ്മരിച്ചു. കെ.എം.മാണി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ സി.ആര്‍.സുനു അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, പ്രൊഫ. ലോപ്പസ് മാത്യു, ജോര്‍ജ് കുട്ടി അഗസ്തി, ബെന്നി കക്കാട്, സഹായദാസ്, ആനന്ദകുമാര്‍, ഷാജി കൂതാളി, വര്‍ക്കല സജീവ് എന്നിവര്‍ സംസാരിച്ചു.