തിരുവനന്തപുരം : ബാര്‍ കോഴക്കേസ് വെറുമൊരു പുകമറ ആണെന്ന് അറിഞ്ഞുകൊണ്ടാണ് ധനമന്ത്രിയായിരുന്ന കെ.എം മാണിയെ ഞങ്ങള്‍ വേട്ടയാടിയതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മാണിയിലൂടെ യു.ഡി.എഫിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. നോട്ടെണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന പ്രചാരണം അഴിച്ചുവിട്ടത് രാഷ്ട്രീയ ലക്ഷ്യംവെച്ചായിരുന്നു. ബാര്‍കോഴ ഇടപാട് നടന്നിട്ടില്ലെന്ന് സി.പി.എമ്മിന് ഉത്തമബോധ്യമുണ്ടായിരുന്നു. എന്നിട്ടും പലതരത്തിലുള്ള പ്രചരണങ്ങള്‍ അഴിച്ചുവിട്ടത് തെറ്റായിരുന്നെന്ന് അറിയാമായിരുന്നെന്നും വിജയരാഘവന്‍ പറഞ്ഞു.
യു.ഡി.എഫിനെതിരെ സമരം നടത്തിയപ്പോള്‍ അന്ന് കെ.എം മാണിയേ മാത്രമേ ആയുധമായി കിട്ടിയുള്ളൂ. അതുകൊണ്ടാണ് അങ്ങനെയൊക്കെ പറയേണ്ടിവന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. അതൊന്നും വ്യക്തിപരമല്ലായിരുന്നു. കെ.എം മാണി മരിച്ചതോടെ ബാര്‍കോഴ വിവാദങ്ങള്‍ അവസാനിച്ചു. മരിച്ചയാളെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറയേണ്ടത്. കെ.കരുണാകരനെതിരെ നിരവധി ആക്ഷേപങ്ങള്‍ സി.പി.എം ഉന്നയിച്ചിരുന്നു. അദ്ദേഹം മരിച്ച ശേഷം ഇതുവരെ ഒരാക്ഷേപവും ഉന്നയിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണ്. ജോസ് കെ.മാണിയെ ഇടത് മുന്നണിയില്‍ എടുക്കുന്നതിനോട് സി.പി.എമ്മിന് നൂറ് ശതമാനം യോജിപ്പാണ്. പല വിഷയങ്ങളിലും അവര്‍ സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. കര്‍ഷക ബില്ലിനെതിരായി ഇടത് എം.പിമാര്‍ പാര്‍ലമെന്റില്‍ നടത്തിയ സമരത്തില്‍ ജോസ് കെ. മാണി പങ്കെടുത്തത് പോസിറ്റീവായ സമീപനമാണ്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും അത്തരം സമീപനം ഉണ്ടായി. ജോസിനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും വിജയരാഘവന്‍ പറയുന്നു.
ജോസ്.കെ മാണി വിഭാഗത്തെ അടര്‍ത്തിയെടുക്കുക വഴി യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സി.പി.ഐയ്ക്ക് അവരുടേതായ നിലപാടുകള്‍ ഉണ്ടാകും. തുടര്‍ഭരണം വേണം. അതിന് മുന്നോടിയായി യു.ഡി.എഫിലെ പ്രബല കക്ഷിയുടെ വരവ് കേരള രാഷ്ട്രീയത്തിലെ വലിയ സംഭവമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കപ്പെട്ടെന്ന് മനസ്സിലായപ്പോഴാണ് ജോസ്. കെ.മാണി ഇടത് എം.പിമാര്‍ക്കൊപ്പം സമരത്തിനിറങ്ങിയത്. മുന്നണിയില്‍ വരുന്നത് സംബന്ധിച്ച് ജോസ്. കെ.മാണി ആദ്യം നിലപാട് വ്യക്തമാക്കട്ടെ. അവരുടെ ഔദ്യോഗിക തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.