കണ്ണൂര്‍: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപണ വിധേയനായ കെ എം ഷാജിയെ പൊതുപരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറാകണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാസിം ഇരിക്കൂര്‍ പറഞ്ഞു. ഗള്‍ഫ് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തുമായി ഷാജിക്ക് ബന്ധമുണ്ടെന്ന് ഖാസിം ഇരിക്കൂര്‍ ആരോപിച്ചു. കണ്ണുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തു വര്‍ഷമായി ഷാജി നുറു തവണയിലേറെ വിദേശയാത്ര നടത്തിയിട്ടുണ്ട്. വയനാട്ടിലെ ഒരു ജ്വല്ലറിയില്‍ ഷാജിക്ക് നിശബ്ദ പങ്കാളിത്തമുണ്ടെന്ന് ലീഗ് നേതാക്കള്‍ തന്നെ പറയുന്നു. സ്വര്‍ണക്കടത്തുമായി ഷാജിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്താല്‍ ഈ കാര്യം വ്യക്തമാകുമെന്നും ഖാസിം ഇരിക്കൂര്‍ പറഞ്ഞു. ഒരു വര്‍ഷത്തില്‍ 48 ലക്ഷം രൂപ വരുമാനമുള്ളപ്പോഴാണ് ഇദ്ദേഹം മൂന്നര കോടി രൂപ ചെലവില്‍ വീടു പണിതത്.
ഇന്‍ഡോനേഷ്യയില്‍ നിന്നാണ് ഇതിനായുള്ള ടൈല്‍സ് കൊണ്ടുവന്നത്. ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത് പ്രശസ്ത അഭിഭാഷകന്‍ കപില്‍ സിബിലാണ്. ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപയാണ്. ഇതാരാണ് കൊടുക്കുന്നതെന്ന് ഷാജിയും മുസ്ലിം ലീഗ് പാര്‍ട്ടിയും വ്യക്തമാക്കണമെന്നും ഖാസിം ഇരിക്കൂര്‍ പറഞ്ഞു.