പത്തനംതിട്ട : മാനദണ്ഡങ്ങളുടെ മറവിൽ വിശുദ്ധ റമദാനെ അവമതിക്കാനുള്ള കുൽസിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും വിശ്വാസികള്‍ ഇതിനെതിരെ കരുതിയിരിക്കണമെന്നും കേരളാ മുസ്‌ലിം യുവജന ഫെഡറേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മണ്ണടി അർഷദ് ബദ്‍രി, ജനറൽ സെക്രട്ടറി മുഹമ്മദ് സാദിഖ് കുലശേഖരപതി എന്നിവര്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് മുന്നോട്ടു വെച്ചിട്ടുള്ളതും അല്ലാത്തതുമായ മുഴുവൻ മാനദണ്ഡങ്ങളും പൂർണ്ണാർത്ഥത്തിൽ പാലിച്ചുകൊണ്ടാണ് മസ്ജിദുകളിൽ ആരാധനകൾ സമയബന്ധിതമായി നടക്കുന്നത്. രോഗബാധക്കെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ച മസ്ജിദുകളുടെ മാതൃകാപരമായ സമീപനം പരിഗണിക്കാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയിലെ മസ്ജിദുകളിൽ പോലും കഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിശുദ്ധ റമദാനെ കളങ്കപ്പെടുത്തുന്ന ഭരണ നേതൃ തീരുമാനങ്ങളെ ജില്ലാ കമ്മിറ്റി അപലപിക്കുന്നു . മസ്ജിദുകളിൽ ഇനിയും പുതിയ നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ മെനക്കെടുന്നതിന് പകരം മസ്ജിദുകൾ പാലിക്കുന്ന മാതൃകാനിയന്ത്രണങ്ങൾ മറ്റ് പൊതുസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു.