കൊച്ചി : രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്ന് പൊതുജനം പ്രതീക്ഷിക്കുന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ ആദ്യ പേരുകാരനാണ് കെ എന്‍ ബാലഗോപാല്‍. നാലു പതിറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തിന്റെ അനുഭവ സമ്പത്തുമായാണ് പിണറായി മന്ത്രിസഭയിലെ പ്രധാനികളിലൊരാളായി ഈ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കടന്നു വരുന്നത്.
സമര തീക്ഷ്ണമായ രാഷ്ട്രീയ വഴികള്‍ ഒരുപാട് കടന്നാണ് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരെന്ന ഗ്രാമത്തില്‍ നിന്ന് കെ എന്‍ ബാലഗോപാല്‍ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. സമരമുഖങ്ങളില്‍ ചിന്തിയ ചോരയുടെ ചൂടും ജയില്‍ ജീവിതത്തിന്റെ ചൂരുമേറ്റായിരുന്നു പുനലൂര്‍ എന്‍ എസ് എസ് കോളജിലെ സാധാരണ പ്രവര്‍ത്തകനില്‍ നിന്ന് എസ് എഫ് ഐയുടെയും ഡിവൈഎഫ്‌ഐയുടെയും അഖിലേന്ത്യാ അധ്യക്ഷ പദവികളോളമുള്ള ബാലഗോപാലിന്റെ രാഷ്ട്രീയ വളര്‍ച്ച. 1996ലെ കന്നി മല്‍സരത്തില്‍ അടൂരില്‍ തോറ്റുപോയെങ്കിലും രണ്ടു വര്‍ഷത്തിനപ്പുറം സിപിഎം സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യസഭാ എംപി എന്ന നിലയില്‍ മിടുക്കനായ പാര്‍ലമെന്റെറിയന്‍ എന്ന വിളിപ്പേര് കിട്ടാന്‍ കാലമേറെ വേണ്ടി വന്നില്ല. ജനകീയ വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകള്‍ സിപിഎം വിരുദ്ധര്‍ക്കിടയില്‍ പോലും ആരാധകരെ സൃഷ്ടിച്ചു. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറി പദം 2015ല്‍ ഏറ്റെടുത്ത ബാലഗോപാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 11ല്‍ 11 സീറ്റിലും ഇടത് വിജയം ഉറപ്പിച്ചാണ് തന്റെ സംഘാടക മികവ് തെളിയിച്ചത്. 2019 ല്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തില്‍ ബാലഗോപാലും വീണു. പക്ഷേ രണ്ടു വര്‍ഷത്തിനിപ്പുറം മിന്നുന്നൊരു വിജയം നല്‍കി കൊട്ടാരക്കരക്കാര്‍ ബാലഗോപാലിലെ ബഹുമുഖ പ്രതിഭയ്ക്ക് ജനകീയ അംഗീകാരത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തി.