തൃശൂര്‍: ഗുരുവായൂരില്‍ ബിജെപി അനുകൂലികളുടെ വോട്ട് വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാട്ടണമെന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദര്‍. ഗുരുവായൂരില്‍ യുഡിഎഫ് ബിജെപി ധാരണയെന്ന ആരോപണത്തിനു ചാവക്കാട് ഇരട്ടപ്പുഴയില്‍ തിരഞ്ഞെടുപ്പു യോഗത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘എല്ലാവരുടെയും വോട്ട് സ്വീകരിക്കും. അതു കമ്യൂണിസ്റ്റുകാരോ ബിജെപിക്കാരോ എന്നു നോക്കില്ല. വോട്ടുവേണ്ടെന്ന് ഇടതുപക്ഷം പറയട്ടെ. മതേതരത്വത്തിന്റെ പാലമാകണമെന്ന് ആഗ്രഹിക്കുന്നയാളാണു ഞാന്‍. അതങ്ങനെ ആവുകയും ചെയ്യും’ ഖാദര്‍ പറഞ്ഞു.
ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ കാവല്‍ നില്‍ക്കാന്‍ മടിക്കില്ലെന്നും പിണറായി വിജയന്‍ പരിഹസിച്ചിരുന്നു.
‘ഗുരുവായൂര്‍ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ട്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ത്ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി’ പിണറായി പറഞ്ഞു.
ഖാദര്‍ സ്ഥാനാര്‍ത്ഥി ആയപ്പോള്‍ തന്നെ ബിജെപിയുടെ കൂടി പിന്തുണ കിട്ടാനുള്ള ചില നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും പിണറായി വിമര്‍ശിച്ചു. ഖാദര്‍ ബിജെപിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ എന്‍ എ ഖാദര്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. മണ്ഡലത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാത്തതിനാല്‍ ബിജെപിയുടെ പ്രകടന പത്രിക തള്ളിപോയിരുന്നു.