കൊച്ചി : ഭാരതീയമായ ആരോഗ്യസംരക്ഷണ രീതിയാണ് ആയുര്‍വ്വേദം. നമ്മുടെ ദേശീയ വൈദ്യശാസ്ത്രമാണ് ഇത്. രോഗചികിത്സയ്ക്ക് മാത്രമായല്ല സമ്പൂര്‍ണ്ണമായ ജീവിത രീതികള്‍ക്ക് കൂടിയും ആയുര്‍വ്വേദം ഉപയോഗപ്പെടുത്താം. ആയുസ്സിന്‍റെ പരിപാലനത്തെ കുറിച്ച് അറിവും അത് ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം.
ശാസ്ത്രത്തിൽ പറയുന്ന ദിനചര്യകളും (ഒരു വ്യക്തി ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ) ഋതുചര്യകളും (ഒരു കൊല്ലം 6 ഋതുക്കളായി തിരിച്ച് ഓരോ ഋതുവിലും നമ്മള്‍ ശീലിക്കേണ്ട കാര്യങ്ങൾ) അടക്കം മനുഷ്യൻ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്ന ഏക ശാസ്ത്രമാണ് ആയുർവേദം. കായ ചികിത്സ, ബാല ചികിത്സ, ഗൃഹ ചികിത്സ , ഊർദ്വാങ്ക ചികിത്സ, ശല്യ ചികിത്സ, ദംഷ്ട്ര ചികിത്സ, ജരാ ചികിത്സ, വൃഷ ചികിത്സ എന്നിങ്ങനെ പലതരം ചികിത്സകള്‍ ഉണ്ട്.
ജീവിത ദൈർഘ്യം കൂടുകയും രോഗങ്ങൾ വർധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സാന്ത്വന പരിചരണത്തിന്‍റെ ആവശ്യകതയും ഏറി വരികയാണ്. സാന്ത്വന പരിചരണം അഥവാ പാലിയേറ്റീവ് കെയറിന്‍റെ പ്രധാന മേഖലകളായ അവലംബ പരിചരണം , ഔഷധ പരിചരണം , ആസന്നമരണ പരിചരണം, പുനരധിവാസം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു ചികിത്സാ ശാസ്ത്രമാണ് ആയുർവേദം എന്നു തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ സർക്കാരും സ്വകാര്യ മേഖലയിലെ ചികിത്സകരും സ്വീകരിച്ചാൽ സമൂഹത്തിനു നന്മയായി മാറും.
പകർച്ചവ്യാധികൾക്കും കാൻസർ പോലെ ഉള്ള മാരക രോഗങ്ങൾക്കും ആധുനിക ശാസ്ത്രത്തിന്റെ കൂടെ ആയുർവേദ ചികിത്സയും നല്‍കുകവഴി പാർശ്വഫലങ്ങൾ കുറയ്ക്കാനും ഫലപ്രാപ്തി കൂട്ടാനും സാധിക്കും എന്നതിനു തെളിവുണ്ട്. എങ്കിലും പരസ്പര വിരോധം മാറ്റിവച്ച് കൂടുതൽ സഹവർത്തിത്വ ഭാവം സ്വീകരിച്ചാൽ കാൻസർ പോലെ ജീവിതം കാർന്നു തിന്നുന്ന മാറാരോഗങ്ങൾക്ക് ചികിത്സാസമന്വയം പരിഹാരമാകും.