കൊച്ചി : ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബ്ലാക്ക്‌മെയ്‌ലിങ് സംഘത്തിനെതിരെ പരാതി നൽകാൻ യുവതികൾ തയ്യാറാവുന്നില്ല. മോഡലിങ് ഫോട്ടോഗ്രാഫി എന്ന പേരിൽ വിളിച്ചുകൊണ്ടുപോയ ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ പലരും പരാതി നൽകാതെ പിന്മാറുകയാണ്.
നിർധന കുടുംബങ്ങളിൽ നിന്നുള്ളവരാണ് പരാതിയിൽ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിലാണ് അന്വേഷണ സംഘം സമ്മർദ്ദത്തിലായത്. നിലവിൽ 18 പേർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇനിയും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
പോലീസ് ബന്ധപ്പെട്ടെങ്കിലും പരാതി നൽകാൻ പെൺകുട്ടികൾ തയ്യാറല്ല. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന ഭീതിയാണ് പരാതിയിൽ നിന്ന് പിന്മാറാൻ കാരണം. അതേസമയം ഇന്ന് ഷംന കാസിം കൊച്ചിയിലെത്തും. ഹൈദരാബാദിൽ നിന്നെത്തുന്ന താരത്തിന്റെ മൊഴി വീഡിയോ കോൺഫറൻസിലൂടെ കൊച്ചി പോലീസ് രേഖപ്പെടുത്തും.