കൊച്ചി : അറബിക്കടലിന്റെ റാണി എന്ന ഓമനപ്പേര് മുന്‍കാലങ്ങളിലെ പാഠപുസ്തകങ്ങളില്‍ ഒതുങ്ങി. വെള്ളിത്തിരയില്‍ ക്രിമിനല്‍ കുടിപ്പകകളുടെയും കഥ പറയുമ്പോള്‍ എപ്പോഴും പശ്ചാത്തലമാകുന്ന കൊച്ചി. സിനിമയിലെ പോലെ തന്നെ അധോലോക കേന്ദ്രമാണ്. അത് അറം പറ്റുന്ന കാഴ്ചയാണ് മലയാളി കണ്ടു കൊണ്ടിരിക്കുന്നത്. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലൊന്നുമില്ലാത്തയത്ര ക്രിമിനല്‍ സ്വഭാവം കൊച്ചിക്കുള്ളതാണോ കാരണം. അതെ എന്നു പറയാവുന്ന ചില സംഭവങ്ങള്‍ക്ക് സമീപകാലയളവിളില്‍ തന്നെ ഈ മെട്രോ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. ഏറ്റവും പുതിയത് വ്യാഴാഴ്ച് ഷിപ്പ്യാര്‍ഡിനു മുന്നില്‍ നടന്നതാണ്.
ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഒരു സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ട് ഒരു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നു. ഏതുവിധേനയോ യുവാവ് കാറില്‍ നിന്നും രക്ഷപ്പെട്ട് ഇറങ്ങിയോടുന്നു. യുവാവ് രക്ഷപ്പെട്ടതോടെ തങ്ങള്‍ അപകടത്തിലാകുമെന്ന വെപ്രാളത്തില്‍ കാറില്‍ കടന്നു കളയാനുള്ള അക്രമികളുടെ ശ്രമം മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നു. അമിതവേഗതയില്‍ കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ മുന്നിലെ സ്‌കൂട്ടറില്‍ ഇടിക്കുന്നു. സ്‌കൂട്ടറില്‍ നിന്നും താഴെ വീണയാളുടെ ശരീരത്തില്‍ കൂടെ കാര്‍ കയറിയിറങ്ങി ആള്‍ കൊല്ലപ്പെടുന്നു. ഇത്തരം രംഗങ്ങള്‍ ബിഗ് സ്‌ക്രീനുകളില്‍ കണ്ടിട്ടുണ്ടാകുമെങ്കിലും കണ്‍മുന്നില്‍ നേരിട്ട് കാണുമ്പോള്‍, അതും സ്വന്തം നഗരത്തില്‍ സംഭവിച്ചു കാണുമ്പോള്‍ ജനങ്ങള്‍ ഭയക്കുന്നു.
ഇങ്ങനെയൊന്നു നടന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് പനമ്പള്ളി നഗറില്‍ ഒരു ബ്യൂട്ടിപാര്‍ലറില്‍ പട്ടാപ്പകല്‍ രണ്ട് ചെറുപ്പക്കാര്‍ എത്തി വെടിയുതിര്‍ത്തു കടന്നു കളഞ്ഞത്. ഇത്തരം വെടിവയ്പ്പു സീനുകളും ഷാജികൈലാസിന്റെ സിനിമകളില്‍ കണ്ടുമാത്രമായിരുന്നു മലയാളിക്കു പരിചയം. സംഭവത്തിലെ ഭീകരത അതൊന്നുമല്ല. വെടിയുതിര്‍ക്കാന്‍ യുവാക്കള്‍ എത്തിയത് അധോലോക നായകന്‍ രവി പൂജാരിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നതാണ്. അങ്ങനെ ചോരയുടെ മണമുള്ള കാറ്റു വീശുന്ന ധാരവിയും അന്ദേരിയുമെല്ലാം അടങ്ങിയ മുംബൈ അധോലോകവും കൊച്ചിയില്‍ ചരട് വലിക്കുന്നുവെന്ന കേള്‍വി ഒട്ടും ആശ്വാസദായകമല്ല. ഭീഷണികളും തട്ടിക്കൊണ്ടു പോകലുകളും മാത്രമല്ല, കോടികളുടെ മയക്കുമരുന്നുകള്‍ ഒഴുകുന്നയിടം എന്നതുകൂടി കൊച്ചിയുടെ പേരുദോഷമാണ്. മെട്രോനഗരങ്ങളുടെ ആഘോഷങ്ങളില്‍ കൊച്ചിയും സജീവമാണ്. സെലിബ്രിറ്റികള്‍, ബിസിനസുകാര്‍, ചെറുപ്പക്കാര്‍ ആഘോഷ പാര്‍ട്ടികളുടെ നിറസാന്നിധ്യങ്ങളായി മാറുന്ന ഹൈ പ്രൊഫൈലുകള്‍. ഇത്തരം ആഘോഷങ്ങള്‍ വാര്‍ത്തകളായി മാറുന്നത് മയക്കു മരുന്ന് ഉപയോഗങ്ങളുടെയും വില്‍പ്പനകളുടെയും പേരിലാണ്.
കാക്കനാട് ഫ്ലാറ്റില്‍ നിന്നും ലക്ഷങ്ങളുടെ മയക്കു മരുന്നുമായി സീരിയല്‍ – സിനിമ നടി അശ്വതി ബാബു അറസറ്റിലായ വാര്‍ത്ത ഞെട്ടലോ അത്ഭുതമോ ഉണ്ടാക്കിയില്ല. ഇത്രയും വിലവരുന്ന മയക്കുമരുന്നുകള്‍ കൊച്ചിയില്‍ ഉപയോഗിക്കുന്നുവെന്നതോ അതിനു പിറകില്‍ ഒരു അഭിനേത്രി ആണെന്നതോ ഞെട്ടിപ്പിക്കുന്ന വിവരമാകാതിരുന്നത്, അതൊരു പുതിയ സംഭവമല്ലായിരുന്നതുകൊണ്ടാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ നിരോധിക്കപ്പെട്ട മയക്കുമരുന്നുകളാണ് കൊച്ചിയില്‍ എത്തുന്നത്. അതിന്റെ കാരിയര്‍ ആയി മാറുന്നവരും വില്‍പ്പനക്കാരും ഉപഭോക്താക്കളുമൊക്കെ സെലിബ്രിറ്റികളും ഹൈ പ്രൊഫൈലുകളുമായിരിക്കും. അവര്‍ മാത്രമെ ഇതൊക്കെ ഉപയോഗിക്കുന്നുവെന്നല്ല. അശ്വതിയില്‍ നിന്നും പിടികൂടിയത് ഗ്രാമിന് രണ്ടായിരം രൂപ വരെ വില വരുന്ന നിരോധിത ലഹരി വസ്തുവായ മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന നിശബ്ദക്കൊളയാളിയെ(എംഡിഎംഎ) ആയിരുന്നു.
ഏറെ നാളുകള്‍ ബിസിനസ് നടത്തിയതിനു ശേഷമാണ് അശ്വതി പിടിയിലാകുന്നത്. അത്രകാലവും സുഗമമായി വില്‍പ്പനയും ഉപയോഗവും നടന്നു വന്നു. ഈ കേസ് ഉണ്ടാകുന്നതിന് മാസങ്ങള്‍ക്കു മുമ്പാണ് ഇതേ ലഹരി വസ്തു തന്നെ കൊച്ചിയില്‍ നിന്നും പിടികൂടിയത്. അന്നു പിടികൂടിയത് 200 കോടിയുടെ മുതല്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രം മാത്രമല്ല, ലഹരിവസ്തുക്കളുടെ സജീവമായ മാര്‍ക്കറ്റ് കൂടിയാണ് കൊച്ചിയെന്ന് ഇത് തെളിയിക്കുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആക്രമണങ്ങള്‍, ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം, മയക്കുമരുന്ന് കച്ചവടം ഇതൊക്കെ നിറഞ്ഞ കൊച്ചി തീര്‍ച്ചയായും കേരളത്തിലെ മറ്റ് നഗരങ്ങളില്‍ നിന്നും വ്യത്യസ്തയാണെന്ന് ആക്ഷേപം ഉയര്‍ത്തുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മതി തെളിവായി.
എന്നാല്‍ ഈ പറയുന്നത്ര ദുഷിച്ചു പോയോ കൊച്ചി ഇല്ലെന്നാണ് പപ്പനാഭന്റെ തൊപ്പിക്കാരുടെ പിന്‍ഗാമികള്‍ പറയുന്നത്. വായനക്കാരെ കുളിരടിപ്പിക്കാന്‍ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഇല്ലാക്കഥകള്‍ എഴുതുകയാണെന്നാണ് ഭാഷ്യം .ക്രൈം റേറ്റ് കൂടുന്ന (കേരളം) കൊച്ചി. അത്തരമൊരു ആരോപണം ആദ്യം തന്നെ നിഷേധിക്കുകയാണ് ഡിസിആര്‍ബി അസി.കമ്മിഷണര്‍ മുന്‍പത്തെ അപേക്ഷിച്ച് കേരളത്തിലെ ക്രൈം റേറ്റ് കൂടുതലാണ്. കൊച്ചിയില്‍ മാത്രമല്ല. എന്നാല്‍ അതിനര്‍ത്ഥം കേരളം ക്രൈമുകളുടെ കേന്ദ്രമായി മാറുന്നുവെന്നല്ല. ചെറിയ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നതാണ് ക്രൈം നിരക്കുകള്‍ കൂടുന്നതിനുള്ള കാരണം. അത് പൊലീസിന്റെ നടപടികളുടെ ഭാഗമാണ്. പോസിറ്റീവ് ആയാണത് കാണേണ്ടത്.
മുന്‍പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ എതിരേയുള്ള കേസുകള്‍ ഒഴിവാക്കി വിടുന്നൊരു രീതിയുണ്ടായിരുന്നു. ഇന്നങ്ങനെയല്ല, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വവും അവകാശങ്ങളും പ്രധാന ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ചെറിയൊരു കാര്യത്തില്‍ പോലും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുകയാണ്. ഗാര്‍ഹികപീഢനങ്ങള്‍ പോലും ഒതുക്കി തീര്‍ത്തു വിടുന്ന പതിവ് ഇന്നില്ല. ഒരു ഉദ്യോഗസ്ഥനും ഇത്തരം കാര്യങ്ങളില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകില്ല. ചെറിയ ചെറിയ അടിപിടി കേസുകളില്‍ പോലും വിട്ടുവീഴ്ചയ്ക്ക് പോലീസ് തയ്യാറാല്ല. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാലും ഇതേ നിലപാടാണ്. ഇതൊക്കെ കൊണ്ടാണ് നമ്മുടെ ക്രൈം റേറ്റ് കൂടുന്നത്. അതിനെ വിമര്‍ശനാത്മകമായല്ല, നിയമവാഴ്ച്ചയുടെ കരുതലായി വേണം കാണാന്‍.’
കൊച്ചിയില്‍ ക്രിമിനലുകള്‍ വിലസുന്നു എന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ പോലും തിരക്കാതെയാണെന്നാണ് പോലീസ് പറയുന്നത് എന്നാല്‍ കൊച്ചിയില്‍ നിത്യേന ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചും, വാടകവീടുകളിലും മയക്കുമരുന്നിന്റെ വ്യാപാരവും മറ്റു അനാശാസ്യങ്ങളും ഈ ഏമാന്മാര്‍തന്നെയാണ് പിടികൂടുന്നത് എന്നത് പകല്‍ പോലെ സത്യം അതിന് ഏറ്റവും അടുത്ത ഉദാഹരങ്ങളില്‍ ഒന്നാണ് കാക്കനാട് ഫ്ലാറ്റ് കേന്ദ്രീകരിച്ചു നടന്ന മയക്കുമരുന്നു കച്ചവടവും അതിന്റെ പേരില്‍ പിടിയിലായ സ്ത്രീകളടക്കമുള്ള പ്രതികളും. അതേ കേസില്‍ മയക്കുമരുന്നെത്തിച്ചു നല്‍കിയ മുഖ്യപ്രതികളില്‍ ഒരാള്‍ ഇന്നലെ പോലിസിന്റെ വലയിലായതും.
കൊച്ചി പഴയ കൊച്ചിയല്ല. കഴിഞ്ഞ മൂന്നുകൊല്ലക്കാലത്തെ കണക്കുവച്ചു പറഞ്ഞാല്‍, കൊച്ചിയില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂണ്ടാ വിളയാട്ടങ്ങളോ ക്രൂരമായ ക്രിമിനല്‍ പ്രവര്‍ത്തികളോ നടന്നിട്ടില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. കൊച്ചിയില്‍ ഒരു ക്രിമിനലും സുഖമായി വിലസുന്നില്ല. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും വെടിവയ്പ്പും തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവങ്ങളായി കാണണം. അല്ലാതെ ഇതൊക്കെ സ്ഥിരമായി ഇവിടെ നടക്കുന്നുവെന്ന് പറയരുത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നുമുണ്ട്; പോലീസിന്റെ വിശദീകരണമാണ്. കൊച്ചി ഒരു മെട്രോപോളിറ്റന്‍ നഗരമായി വളരെ വേഗത്തില്‍ വളര്‍ന്നുവരുന്നൊരു സ്ഥലമാണ്. എന്തു വേണമെങ്കിലും സംഭവിക്കാവുന്നൊരു സ്ഥലം.
എത്രയോ ആളുകള്‍, എവിടെ നിന്നെല്ലാം വന്നുപോകുന്നിടം. കേരളത്തിനും പുറത്തു നിന്നും ഇന്ത്യക്ക് പുറത്തു നിന്നുമെല്ലാം ആളുകള്‍ വരുന്നു, തങ്ങുന്നു, പോകുന്നു. കഴിഞ്ഞ മൂന്നുകൊല്ലത്തിനിടയില്‍ ഇവിടുത്തെ ക്രൈം റേറ്റ് രണ്ടായിരത്തിനും മുകളിലാണ്. ഈ കണക്ക് വച്ച് കൊച്ചി ക്രൈം ഹബ്ബ് ആണെന്നല്ല എഴുതേണ്ടത് പോലീസ് ജോലിചെയ്യുന്നു എന്നാണ് കാണേണ്ടത് എന്ന് ഉത്തരവാദപ്പെട്ടവര്‍ പറയുന്നു. നടപടികള്‍ എടുക്കുന്ന കേസുകളാണല്ലോ രജിസ്റ്റര്‍ ചെയ്യുന്നത്. പോലീസ് അനാസ്ഥയിലാണെങ്കില്‍ ഇത്തരത്തില്‍ നടപടികള്‍ ഉണ്ടാകില്ലല്ലോ! റേറ്റും കുറഞ്ഞിരിക്കും. ഗൂണ്ടാ ആക്രമണങ്ങള്‍ നടത്തുന്ന കഥകളൊന്നും ഇപ്പോള്‍ കൊച്ചിയെക്കുറിച്ച് പറയാന്‍ ഇല്ലല്ലോ അതുകൊണ്ട് കൊച്ചി പഴയ കൊച്ചിയല്ല എന്ന് കാക്കി പറയുന്നു. ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പ് നടത്തിയതും തട്ടിക്കൊണ്ടു പോകലിനിടയില്‍ ഒരാളെ കൊല്ലുന്നതും വലിയ സംഭവമായി കാണണ്ട എന്നാണ് പോലീസ് പറയുന്നത്. നിരന്തരം ഇത്തരം സംഭവവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ മാത്രം കൊച്ചി ക്രിമിനല്‍ കേന്ദ്രമായി മാറി എന്ന് പറയാന്‍ പറ്റൂ എന്നും പോലീസ്.
































