കൊച്ചി : ഫ്ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്‍റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പോലീസിന്‍റെ സംശയം. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാള്‍ക്കായി ഇന്നലെ രാത്രി തന്നെ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പോലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അര്‍ഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ല. സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ഷാദ് ഇവിടെ താമസിക്കാനെത്തിയത്.
ഹോട്ടല്‍ മാനേജ്‌മെന്‍റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണില്‍ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഫോണില്‍ കിട്ടിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.































