കൊച്ചി: ഫ്‌ളാറ്റില്‍ പൂട്ടിയിട്ടപ്പോള്‍ രക്ഷപെടാന്‍ ചാടിയ സ്ത്രീ മരിച്ചു. സേലം സ്വദേശിയായ കുമാരി എന്ന 55 കാരിയാണ് മരിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്നാണ് കുമാരി വീണത്. മുന്‍ ഹൈക്കോടതി ജഡ്ജിയുടെ മകന്റെ വീട്ടിലെ ജോലിക്കാരിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഹൈക്കോടതിയിലെ പ്രബലനായ അഭിഭാഷകനായ അഡ്വ.ഇംതിയാസ് അഹമ്മദ് ആണ് ഫ്‌ളാറ്റുടമ.
കുമാരി ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരികള്‍ കെട്ടിത്തൂക്കി ഊര്‍ന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോര്‍ത്ത് എസിപി ലാല്‍ജി പറഞ്ഞിരുന്നു. വീട്ടുജോലിക്കാരി സാരിയില്‍ കെട്ടിത്തൂങ്ങി പുറത്തിറങ്ങാന്‍ മുതിര്‍ന്നത് എന്തിനാണെന്നാണ് അന്വേഷണം. ഇതിനിടെയാണ് കുമാരിയുടെ മരണം. ഫ്‌ളാറ്റുടമയ്‌ക്കെതിരെ കൊലക്കേസ് എടുക്കണമെന്ന ആവശ്യം കുമാരിയുടെ മരണത്തോടെ ശക്തമാകും.
ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ളാറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ്. വീട്ടുജോലിക്കാരി കിടന്നുറങ്ങിയിരുന്ന മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇംതിയാസ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ 11 ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവര്‍ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പോലീസ് പറയുന്നു.
കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ മൊഴി പ്രകാരമാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തിരിക്കുന്നത് കൃത്യമായ വകുപ്പുകള്‍ പ്രകാരമല്ലെന്നതും വിവാദമായിട്ടുണ്ട്. എഫ് ഐ ആറില്‍ ഫ്‌ളാറ്റുടമയുടെ പേരു പോലുമില്ല. ഇംതിയാസ് അഹമ്മദിന്റെ പിതാവ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി മുഹമ്മദ് ഷാഫിയാണ്. ഇംതിയാസിന്റെയും ഭാര്യ ഖമറുന്നീസയുടെയും പേരില്‍ 10 വര്‍ഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. അമിതമായിജോലി ചെയ്യിക്കുന്നു, ദേഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികള്‍ ഉയര്‍ന്ന കേസും മാഞ്ഞുപോയി.
ഫ്‌ളാറ്റ് ഉടമ കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്നും രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയില്‍ നിന്ന് വീണ് പരുക്കേറ്റതെന്നുമാണ് ഭര്‍ത്താവ് ശ്രീനിവാസന്റെ മൊഴി. കഴിഞ്ഞ ശനിയാഴ്ചയാണ് ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി കുമാരിക്ക് പരുക്കേറ്റത്. സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ അയല്‍വാസിയും രംഗത്തെത്തിയിരുന്നു. ഫ്‌ളാറ്റിലെ താമസക്കാരനായ മാത്യു ജോര്‍ജ് ആണ് ഫ്‌ളാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഇംതിയാസ് ഫ്‌ളാറ്റിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് മാത്യു ജോര്‍ജ് ഒരു ചാനലിനോട് പറഞ്ഞു. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഇംതിയാസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തിലെ ദൃക്‌സാക്ഷിയായിരുന്നിട്ടും തന്നെ പോലീസ് ചോദ്യം ചെയ്തില്ല, സമാനമായ പരാതികള്‍ ഇംതിയാസിനെതിരെ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും മാത്യു ജോര്‍ജ് പറഞ്ഞു. ഈ ചര്‍ച്ചകള്‍ക്കിടെയാണ് ലേക്ഷോറില്‍ ചികില്‍സയിലായിരുന്ന കുമാരിയുടെ മരണം.