കൊച്ചി : കൊച്ചിയിലെ മയക്ക് മരുന്ന് വ്യാപരത്തിലെ വൻ സ്രാവുകൾ എക്സൈസ് റെയ്ഡില്‍ പിടിയിൽ. കൊച്ചിയുടെ വിവിധ മേലകളിൽ നിന്നാണ് യുവാക്കൾ മയക്ക് മരുന്നുകളുമായി പിടിയിലായത്. ഫോർട്ടുകൊച്ചി അമരാവതി ദേശത്ത് കുന്നേൽ വീട്ടിൽ അലോഷ്യസ് മകൻ ജോമോൻ (38)ആണ് പിടിയിലായ ഒരാള്‍. ഇയാളില്‍ നിന്നും ഏകദേശം മുക്കാൽ കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇപ്പോൾ പാമ്പായി മൂലയിൽ രഹസ്യമായി താമസിച്ചു വരുകയായിരുന്ന പ്രതി മുമ്പ് നിരവധി ക്രിമിനൽ കേസുകളിലും മയക്ക് മരുന്ന് കേസുകളിലും പ്രതിയാണ്. മുമ്പ് മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട മാരകമായ ആമ്പ്യൂളുകളുമായി ആലുവ എക്സൈസിന്റെ പിടിയിലുമായിട്ടുണ്ട്.
പള്ളുരുത്തി കടേഭാഗം ദേശത്ത് ചാണേപറമ്പിൽ വീട്ടിൽ അഷ്റഫ് മകൻ റിഷാദ് (29) എന്നയാളാണ് പിടിയിലായ മറ്റൊരാള്‍. നിരവധി നൈട്രോസിപാം ഗുളികള്‍ ഇയാളില്‍നിന്നും പിടിച്ചെടുത്തു. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കൊടുക്കുന്ന ഗുളികളാണ് ഇത്തരത്തിൽ ഡോക്ടറുകടെ വ്യാജ ചീട്ടു സംഘടിപ്പിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇവർ കൈപ്പറ്റി വിൽപ്പന നടത്തി വന്നത്. ഒരു സ്ട്രിപ്പ് ഗുളികക്ക് ഏകദേശം 500 മുതൽ 1000 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വരുന്നത്. ഇവ എത്തിച്ചു കൊടുക്കുന്നവർ ഇവയിൽ നിന്നും ഒരെണ്ണം തന്റെ സ്വന്തം ഉപയോഗത്തിനായ് അടർത്തി മാറ്റിയിട്ടാണ് വിൽപ്പന നടത്തി വരുന്നത്. മാസങ്ങളോളും പ്രതികളെ നിരീക്ഷിച്ചു വരുകയായിരുന്നു എക്സൈസുകാർ.
കൊച്ചി ഇപ്പോൾ മയക്ക് മരുന്ന് കേന്ദ്രമായി ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. യുവാക്കൾക്കിടയിൽ ഇപ്പോൾ മയക്ക് മരുന്നുകൾ യഥേഷ്ടം പേടി കൂടാതെ വിൽപ്പന നടത്താം എന്ന രീതിയിൽ നിയമ വ്യവസ്ഥിതി എത്തിയിരിക്കുന്നു. ഏകദേശം ഒരു കിലോക്ക് മേലെ കഞ്ചാവ് കൈവശം വെച്ചാൽ മാത്രമേ പ്രതികളെ റിമാൻറ് ചെയ്യാൻ പറ്റുകയുള്ളു എന്ന കാരണത്താൽ നിയമത്തിന്റെ പഴുതുകളില്‍ നിന്നും ഇവര്‍ രക്ഷപെടുകയാണ്. കിട്ടുന്ന ശിക്ഷകളും കുറവാണ്.
മറ്റുള്ള ജില്ലകളിൽ നിന്നുമുള്ള യുവാക്കൾ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിൽ മുറികൾ എടുത്ത് താമസിച്ചാണ് മയക്ക് മരുന്ന കച്ചവടം നടത്തിവരുന്നത്. ഇത്തരം മയക്ക് മരുന്ന് റാക്കറ്റുളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. സെൻട്രൽ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞു വരുന്നവർ മുഖേനയാണ് ഇവര്‍ക്ക് മയക്കുമരുന്നുകള്‍ യഥേഷ്ടം ലഭിക്കുന്നത്. ശക്തമായ അന്വേഷണവും തുടര്‍ നടപടികളും ഉണ്ടാകുമെന്ന് എറണാകുളം എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബു അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.എസ് പ്രമോദ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്.റൂബൻ, എസ്.സിദ്ധാർത്ഥകുമാർ, കെ.വി.വിപിൻദാസ്, കെ.കെ.രാജേഷ് , ഡ്രൈവർ മനോജ് എന്നിവർ പങ്കെടുത്തു.