കൊച്ചി : കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനിലേക്ക് മെട്രോ ട്രെയിനുകൾ കുതിക്കാൻ ഇനി ഏറെ നാൾ കാത്തിരിക്കേണ്ട. കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് ഓടിത്തുടങ്ങാൻ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് കൂടി മതിയെന്നിരിക്കെ ഉദ്ഘാടനം ഉടൻ ഉണ്ടായേക്കും. 27ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടകനാകാനുള്ള സാദ്ധ്യത പരിശോധിക്കുകയാണ് മെട്രോ അധികൃതർ. 2017ൽ പാലാരിവട്ടം വരെയുള്ള റീച്ച് ഉദ്ഘാടനവും പിന്നീട് 2022ൽ പേട്ടയിൽ നിന്ന് എസ്.എൻ ജംഗ്ഷനിലേക്ക് ദീർഘിപ്പിച്ച പാതയും ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്നു.
പരിശോധന പൂർത്തിയായതോടെ സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറയിൽ യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവ വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മിഷണർ അനന്ദ്.എം. ചൗധരിയുടെ നേതൃത്വത്തിൽ പരിശോധിച്ചു.