വൈത്തിരി : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ആത്മഹത്യചെയ്ത സംഭവത്തിൽ മരണത്തിനു മുമ്പ് ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചിലും കാലിലും ഉൾപ്പെടെ മർദ്ദനമേറ്റ പാടുകളുണ്ട്.ഈ മാസം 18നാണ് രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുന്നത്. ഒരു സംഘം വിദ്യാർത്ഥികൾ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിനുശേഷമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൽപ്പറ്റ ഡിവൈ.എസ്.പി സജീവന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം ഇന്നലെ നെടുമങ്ങാട് സിദ്ധാർത്ഥിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. 12 വിദ്യാർത്ഥികളെയാണ് സംഭവത്തിൽ പ്രതി ചേർത്തിട്ടുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.