എറണാകുളം : എറണാകുളം ജില്ലയില്‍ വാക്സീന്‍ ക്ഷാമം രൂക്ഷം. സ്വകാര്യ ആശുപത്രികളില്‍ അവശേഷിക്കുന്നത് 5000 ഡോസ് മാത്രമാണ്. ഇത് ഇന്ന് തീരും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സീന്‍ നാളെ തീരും.
അതേസമയം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 35,000 കടന്നതോടെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രം പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം പാഴ്സലായി മാത്രം നല്‍കാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രവര്‍ത്തനസമയം. വിവാഹവും മരണാനന്തര ചടങ്ങളുകളും കോവിഡ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വിവാഹത്തിന് 30 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.