കൊച്ചി: കൊച്ചി മെട്രോയിലെ അധികൃതരെ ഇനി നിങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാം. അതിനായി അവസരമൊരുക്കുകയാണ് എംജി റോഡിലെ മെട്രോ സ്റ്റേഷനില്‍ സജ്ജമാക്കിയിട്ടുള്ള മെട്രോ പ്രോമോ സെന്റര്‍. എംജി റോഡ് മെട്രോ സ്റ്റേഷനിലെ അഞ്ചാം നിലയിലാണ് മെട്രോ പ്രൊമോ സെന്റര്‍ ആരംഭിച്ചത്. കൊച്ചി മെട്രോയുടെ മാര്‍ക്കറ്റിംഗ്, പ്രചാരണ പരിപാടികള്‍ എന്നിവ മെട്രോ പ്രോമോ സെന്ററിന്റെ നിയന്ത്രണത്തിലായിരിക്കും.
മൊബൈല്‍ ക്യൂ ആര്‍ ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, വിവിധ ട്രിപ്പ് പാസ്സുകള്‍, ഓഫറുകള്‍, വിവിധ സ്‌കീമുകള്‍, ഇളവുകള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്ക് മെട്രോ പ്രോമോ സെന്ററില്‍ ബന്ധപ്പെടാം. മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന് വേണ്ടിയും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും കസ്റ്റമര്‍ കെയര്‍ യൂണിറ്റ് നേതൃത്വം നല്‍കും. കൊച്ചി മെട്രോയെ ജനപ്രിയമാക്കാനുള്ള പദ്ധതികളും, ആശയങ്ങളും അവ നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്ക് മെട്രോ പ്രോമോ സെന്റര്‍ അധികൃതരെ അറിയിക്കാം. മികച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും മെട്രോ പ്രോമോ സെന്റര്‍ പരിശ്രമിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് മെട്രോ പ്രോമോ സെന്റര്‍ പ്രവര്‍ത്തിക്കുക. രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചകളിലും പ്രോമോ സെന്റര്‍ അവധിയായിരിക്കും. [email protected] എന്ന മെയില്‍ വഴിയും 7736321888 എന്ന നമ്പറിലും അധികൃതരെ ബന്ധപ്പെടാവുന്നതാണ്.