തിരുവനന്തപുരം : കള്ളപ്പണം തുടച്ചുനീക്കാൻ നോട്ടുനിരോധനം ഉൾപ്പെടെ നടപ്പാക്കി കേന്ദ്രത്തിൽ അധികാരത്തിലുള്ള ബിജെപിയുടെ കേരളഘടകം കുഴൽപ്പണക്കേസിലും തെരഞ്ഞെടുപ്പിനു കള്ളപ്പണമെത്തിച്ചുവെന്നതിലും പ്രതിസ്ഥാനത്തായതോടെ നേതൃത്വത്തിൽ ഭിന്നത രൂക്ഷം.
വിഴുപ്പലക്കൽ പരസ്യമായി തൃശ്ശൂരിലേതു പോലെ സംഘർഷത്തിലേക്കു കടക്കുമ്പോഴും പാർട്ടിയെ പ്രതിരോധിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനല്ലാതെ കാര്യമായി ആരും രംഗത്തില്ല. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എംടി.രമേശ്, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം മൗനത്തിലാണ്. പാർട്ടിയെ നാണംകെടുത്തിയ ഈ പ്രതിസന്ധിയിലേക്കു നയിച്ചതു നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം ദുരൂഹനീക്കങ്ങളുടെ ഫലമാണെന്നു മറുവിഭാഗം പറയുന്നു.
കുഴൽപ്പണക്കേസിൽ ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം പ്രതിസ്ഥാനത്തു വരുമോയെന്ന ആശങ്ക നിൽക്കുമ്പോഴാണ് എൻഡിഎയിലെത്താൻ സി.കെ.ജാനുവിനു പണം കൊടുക്കേണ്ടി വന്നുവെന്ന ആരോപണം. ഇടനിലക്കാരിയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റേതെന്നു കരുതുന്ന ശബ്ദരേഖ പ്രചരിച്ചതു പാർട്ടിയെ കൂടുതൽ നാണക്കേടിലാക്കി.
പാർട്ടിയുടെ തെരഞ്ഞെടുപ്പു ഫണ്ടായി കോടികൾ കേന്ദ്രനേതൃത്വം എത്തിച്ചു നൽകിയിട്ടും അത് എല്ലാ മണ്ഡലത്തിലും കൃത്യമായി നൽകിയില്ലെന്നതാണ് മറ്റൊരു ആരോപണം. സുരേന്ദ്രൻ പക്ഷത്തുള്ള നേതാക്കൾ സ്ഥാനാർഥികളായ സ്ഥലത്തു മാത്രമാണു കൂടുതൽ പണം നൽകിയതെന്നും മറ്റിടങ്ങളിൽ പണമെത്തിയില്ലെന്നും പല സ്ഥാനാർഥികളും ആരോപിക്കുന്നു.
ബിജെപി എ ക്ലാസ് എന്നു വിലയിരുത്തിയ മണ്ഡലങ്ങളിൽ പോലും ദുർബല സ്ഥാനാർഥികളെ നിർത്തിയതു നേരത്തേ വിവാദമായിരുന്നു. കോന്നിയിലെ സ്ഥാനാർഥിയാകാൻ നിർബന്ധിച്ചെന്നും പക്ഷേ എ ക്ലാസ് മണ്ഡലത്തിലെ പണം നൽകില്ലെന്നും പറഞ്ഞു മുതിർന്ന നേതാവ് തന്നെ സമീപിച്ചുവെന്ന് പ്രാദേശിക നേതാവ് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു.
ഇത്തരത്തിൽ എ ക്ലാസ് മണ്ഡലത്തിൽ പോലും അപ്രധാന സ്ഥാനാർഥികളെ നിർത്തി പണം ചില നേതാക്കൾ കൈക്കലാക്കിയെന്നാണ് ആരോപണം. ഇതിൽ ദേശീയ നേതൃത്വത്തിലേക്കു വരെ ആരോപണമെത്തുന്നു.
കേന്ദ്ര നേതാക്കൾ ഇവിടെ തമ്പടിച്ചു പ്രവർത്തനം നടത്തിയിട്ടും ഈ ഇടപാടുകളും ആരോപണവുമൊന്നും അറിഞ്ഞില്ലേയെന്നാണ് നേതാക്കളുടെ ചോദ്യം. മണ്ഡലങ്ങളിലെ പ്രവർത്തനം ഏകോപിപ്പിച്ച ആർഎസ്എസിന്റെ ചുമതലപ്പെട്ടവരും ബിജെപി നേതാക്കളുടെ ഈ രഹസ്യകളിയിൽ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.