തൃശ്ശൂര്‍: കൊടകര കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ തെരച്ചിലില്‍ 12 ലക്ഷം രൂപ കൂടി കണ്ടെടുത്തു. മുഖ്യപ്രതി രഞ്ജിത്തിന്റെ തൃശൂര്‍ പുല്ലൂറ്റിലെ വാടക വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇതോടെ കേസില്‍ ഇതുവരെ പോലീസ് കണ്ടെടുത്ത തുക 90 ലക്ഷമായി. മുഖ്യപ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേര്‍ക്ക് വീതം വെച്ചുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഏകദേശം 25 പേരുടെ പക്കല്‍ പണം എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കവര്‍ച്ച ചെയ്തത് 25 ലക്ഷമല്ല രണ്ടരക്കോടി രൂപയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതല്‍ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ തുക വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ച സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ബിജെപി നേതാവിനായി എത്തിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണമാണ് കവര്‍ച്ച ചെയ്തതെന്നാണ് ആക്ഷേപം.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മ്മരാജന്‍ പോലീസിന് നല്‍കിയിരുന്ന പരാതി. പരാതിയില്‍ പറയും പോലെ 25 ലക്ഷമല്ല രണ്ടരക്കോടിരൂപയുടെ ഇടപാടാണ് ഇതേവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരിക്കുന്നത്. കവര്‍ച്ചയില്‍ പങ്കെടുത്ത പ്രതികള്‍ ഈ തുക വീതം വെച്ചെടുത്തെന്നാണ് കണ്ടെത്തല്‍. തുടരന്വേഷണത്തില്‍ യഥാര്‍ത്ഥ സംഖ്യ പുറത്തുവരുമെന്നാണ് കണക്കുകൂട്ടല്‍.
കവര്‍ച്ചയ്ക്കുപയോഗിച്ച കാര്‍ വെട്ടിപ്പൊളിക്കാന്‍ മുന്‍കൈയെടുത്ത ബാബുവിന്റെ വീട്ടില്‍ വെച്ചാണ് 1.20 കോടി രൂപ വീതം വെച്ചെടുത്തത്. ബാബുവിന്റെ ഭാര്യ സുനീറയെ ചോദ്യം ചെയ്തതില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നു. കിട്ടിയ പണം കൊണ്ട് ലോണടച്ചെന്നും കടം തീര്‍ത്തെന്നുമാണ് പ്രതികളുടെ മൊഴി. ബാബുവിന്റെ ഭാര്യ സൂനീറ ആറ് ലക്ഷം രൂപ ലോണടച്ചിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വാങ്ങിയ 56 ഗ്രാം സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജയിലിലുളള ദീപക്, മാര്‍ട്ടിന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടരക്കോടി രൂപയുടെ ഇടപാട് തിരിച്ചറിഞ്ഞത്. പല പ്രതികളും പണം പലയിടത്തായി സൂക്ഷിച്ചിട്ടുണ്ടെന്നും വൈകാതെ കണ്ടെടുക്കുമെന്നും പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.