തൃശ്ശൂര്‍ : കൊടകര കവര്‍ച്ച കേസന്വേഷണം ബിജെപി – ആര്‍എസ്എസ് നേതാക്കളിലേക്ക് നീങ്ങുന്നു. ആര്‍എസ്എസുകാരന്റെ പണമാണ് നഷ്ടമായതെന്ന് പോലീസ് സ്ഥിരീകരിച്ചു. പണം കൊടുത്ത ധര്‍മ്മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്പി പറഞ്ഞു. ധര്‍മ്മരാജന് പണം നല്‍കിയത് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനിലിനെ പോലീസ് ചോദ്യം ചെയ്തു. പരാതിയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ തുക പിടിച്ചെടുത്തിട്ടുണ്ടെന്നും പണം നല്‍കിയവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്നെയെന്ന് ധര്‍മരാജ് പറഞ്ഞു. ചെറുപ്പം മുതല്‍ ശാഖയില്‍ പോയ ആളാണ് താന്‍. ബിസിനസ് ആവശ്യത്തിന് കൊടുത്തുവിട്ട 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നും ധര്‍മരാജ് പ്രതികരിച്ചു. ധര്‍മരാജനും താനും വര്‍ഷങ്ങളായി ബിസിനസ് പങ്കാളികളാണെന്ന് സുനില്‍ നായ്ക്ക് പറഞ്ഞു. ഇന്നലെ പോലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍ കൊടകരയിലെ പണവുമായി തനിക്ക് ബന്ധമില്ലെന്നാണ് സുനില്‍ നായ്ക്ക് പറയുന്നത്. ഒന്‍പതാം പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് നഷ്ടപ്പെട്ട 23 ലക്ഷം രൂപയും മൂന്ന് പവന്‍ സ്വര്‍ണ്ണവും കണ്ടെടുത്തത്. പിടിയിലായ ഷുക്കൂറില്‍ നിന്നും മുപ്പതിനായിരം രൂപയും ഐ ഫോണ്‍ ഉള്‍പ്പെടെ വാങ്ങിയ രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.