കോഴിക്കോട് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജോളി അപേക്ഷ നല്‍കിയത്. വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്നാണ് ആവശ്യം.
വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ താല്‍പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് കഴിഞ്ഞദിവസം ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജോളി ജയില്‍ അധികൃതര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയത്. അതേസമയം ജോളിയുടെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചു. ഏഴ് വര്‍ഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാര്‍ക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.