കണ്ണൂര്‍: സിപിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാന്‍ തലശേരിയിലേക്ക് ജനപ്രവാഹം. പ്രിയനേതാവിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് റോഡിന് ഇരുവശവും അണിനിരന്നത്. വിലാപയാത്ര തലശേരി ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആയിരങ്ങളാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് തലശേരിയിലേക്ക് എത്തിച്ചേര്‍ന്നത്. രാത്രി പത്ത് മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.