തിരുവനന്തപുരം : മുന്നണിക്കു പുറത്തുള്ള പാര്‍ട്ടികളുമായുള്ള യുഡിഎഫിന്റെ ബന്ധം തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സിപിഎം. എം.എം.ഹസന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്‌ലാമി അമീര്‍ കൂട്ടുകെട്ടിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിന്റെ നേതൃത്വം കൈമാറിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ആര്‍എസ്‌എസുമായും പ്രാദേശിക കൂട്ടുകെട്ടിനു യുഡിഎഫ് നീക്കം നടത്തുന്നതിനാല്‍ മതനിരപേക്ഷ കേരളം സംരക്ഷിക്കാന്‍ എല്‍ഡിഎഫിനു വോട്ടു ചെയ്യണമെന്ന പ്രചാരണം നടത്താനാണു സിപിഎം തീരുമാനം. സ്വര്‍ണക്കടത്ത്-ലൈഫ് മിഷന്‍ കേസുകളും കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രചാരണം നേരിടാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുന്നതിനു പുറമെ യുഡിഎഫിന്റെ ഈ പാര്‍ട്ടി ബന്ധങ്ങള്‍ വിഷയമാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനം.
യുഡിഎഫ് നേതൃത്വം മുസ്‌ലിം ലീഗിനെ ഏല്‍പ്പിക്കുന്ന അവസ്ഥയാണെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്‌എസ് കാര്യാലയങ്ങള്‍ കയറി ഇറങ്ങുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്നത് തടയാന്‍ ഇടതുമുന്നണി ഇനിയും വിപുലീകരിക്കാന്‍ തയാറാണ്. എന്നാല്‍ വര്‍ഗീയ ശക്തിയായ ലീഗുമായി സഖ്യമുണ്ടാക്കില്ലെന്നും കോടിയേരി പറഞ്ഞു.