തിരുവനന്തപുരം: പി.സി തോമസിനെ പി.ജെ ജോസഫിന്റെ പാര്‍ട്ടിയിലേക്കു വിട്ടതും ആര്‍എസ്‌എസ് തന്ത്രമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജോസഫിനെ കൂടെക്കൂട്ടാന്‍ ബിജെപി തയ്യാറാക്കിയ തിരക്കഥയാണിത്. ക്രൈസ്‌തവ മത മേലധ്യക്ഷന്മാരുമായി നടത്തിയ ചര്‍ച്ച വിജയിക്കാതെ വന്നപ്പോള്‍ ന്യൂനപക്ഷത്തെ കൂടെക്കൂട്ടാനുള്ള തന്ത്രമായിരുന്നു ഇത്. ആര്‍എസ്‌എസിന്റെ സഹായത്തോടെ എല്‍ഡിഎഫിന് ഒരു സീറ്റും ആവശ്യമില്ല, ഒരുകാലത്തും അവരുടെ സഹായം തേടിയിട്ടുമില്ലെന്നും കോടിയരി പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ ബാബുവിനെ തീരുമാനിച്ചത് ആര്‍എസ്‌എസ് ആണ്. ബിജെപി പറഞ്ഞിട്ടാണ് താന്‍ മത്സരിക്കുന്നതെന്ന് ബാബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് കെ ബാബു ഉറപ്പിക്കുന്നത് ഈ സഖ്യം ഉള്ളതുകൊണ്ടാണ്. കേരളത്തില്‍ പലയിടങ്ങളിലും യുഡിഎഫ്-ബിജെപി സഖ്യമുണ്ട്.
ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ ഇല്ലാതെ കേരളത്തില്‍ തുടര്‍ഭരണമുണ്ടാകും. എല്‍ഡിഎഫ് തുടര്‍ഭരണമെന്നത് ജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന മുദ്രാവാക്യമാണെന്നും കോടിയേരി പറഞ്ഞു. ഇത്തവണ ബിജെപി വോട്ടും തനിക്ക് ലഭിക്കുമെന്നായിരുന്നു കെ ബാബു നേരത്തേ പറഞ്ഞത്. ബിജെപിയിലെ പലരും തന്നെ വിളിച്ചു സംസാരിച്ചു. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഇത്തവണ തനിക്ക് വോട്ട് നല്‍കുമെന്ന് അവര്‍ പറഞ്ഞെന്നും ബാബു പറഞ്ഞിരുന്നു. അതേസമയം കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നായിരുന്നു സിറ്റിംഗ് എംഎല്‍എയും സിപിഎം സ്ഥാനാര്‍ത്ഥിയുമായ എ സ്വരാജ് പ്രതികരിച്ചത്.