കൊടുമണ്‍ : കോവിഡിനെ മറയാക്കി പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ബോണസ് കുടിശിക, വേതനത്തോടു കൂടിയ അവധി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ഇന്‍സെന്റീവ് ജോലികളുടെ വേതനം എന്നിവ വെട്ടിച്ചുരുക്കിയെന്ന് ആരോപണം.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തൊഴിലാളികളുടെ ആനുകൂല്യം കവര്‍ന്നെടുക്കുകയാണെന്ന് ഐ.എന്‍.ടി.യു.സി. ആരോപിച്ചു. ഓരോ വര്‍ഷവും ബോണസ് അടക്കമുള്ള ആനുകൂല്യത്തിന് കുറവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക തൊഴിലാളികളെ സ്‌ഥിരപ്പെടുത്താതെ കോര്‍പ്പറേഷനില്‍ ദീര്‍ഘകാല കരാറുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുകയാണ്.
ഉല്‍പ്പാദന മേഖലയിലെ ജീവനക്കാരുടെ ഒഴിവുകളും നികത്തുന്നില്ല. ഇതു മൂലം പൂര്‍ണതോതില്‍ ഉല്‍പാദനം നടക്കുന്നില്ല. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി മുന്‍ കാലങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്. റബ്ബര്‍ തടി സംസ്‌കരണ ഫാക്‌ടറി അടച്ച് പൂട്ടിയിയത് ഇതിന് ഉദാഹരണമാണ്. തൊഴിലാളികളുടെ ബോണസ് കുടിശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉടനടി നല്‍കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികള്‍ നടത്താന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മറ്റി തീരുമാനിച്ചു.