പുല്ലാട് : ഉദ്യോഗസ്ഥരുടെ കുറവുകാരണം നട്ടംതിരിഞ്ഞ് കോയിപ്രം പോലീസ്. മൂന്നുമാസം മുമ്പ് പ്രിൻസിപ്പൽ എസ്.ഐ. ഉദ്യോഗക്കയറ്റംകിട്ടി പോയ ഒഴിവിലേക്ക് ഇതുവരെ നിയമനമായില്ല. എസ്.എച്ച്.ഒ. ഉൾപ്പെടെ 27 പോലീസുകാർ ഉണ്ടാകേണ്ട സ്ഥാനത്ത് 20 പേർ മാത്രം. ഒരു പ്രിൻസിപ്പൽ എസ്.ഐ., ഒരു എസ്.സി.പി.ഒ., അഞ്ച് സി.പി.ഒ. എന്നിവരുടെ ഒഴിവാണുള്ളത്. കോയിപ്രം, തോട്ടപ്പുഴശ്ശേരി, പുറമറ്റം, അയിരൂർ പഞ്ചായത്തുകളും എഴുമറ്റൂർ പഞ്ചായത്തിന്റെ പകുതിപ്രദേശങ്ങളുമാണ് കോയിപ്രം പോലീസിന്റെ പരിധിയിലുള്ളത്. ഉദ്യോഗസ്ഥരുടെ കുറവ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തികളെയും ഗതാഗത നിയന്ത്രണത്തെയും പട്രോളിങ് ജോലികളെയും സാരമായി ബാധിക്കുന്നു. നിലവിലുള്ളവരുടെ ജോലിഭാരം ഇരട്ടിയായി.
ജില്ലയ്ക്ക് പുറത്തുനിന്ന് കോയിപ്രത്ത് ജോലിനോക്കുന്ന ഉദ്യോഗസ്ഥരാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടുന്നത്. സമീപകാലത്ത് സ്വകാര്യ ബാങ്കുകൾ പൊളിഞ്ഞ കേസുകൾ ഉൾപ്പെടെ ജില്ലയിൽ ഏറ്റവും അധികം കേസുകൾ ചാർജ് ചെയ്യപ്പെടുന്ന സ്റ്റേഷനാണ് കോയിപ്രം. ഈ വർഷം ഇതുവരെ 1500-ന് മുകളിൽ കേസുകൾ ചാർജുചെയ്തു. സ്റ്റേഷനിലുള്ള മൂന്ന് ജീപ്പുകളിൽ ഒരു ജീപ്പ് മാത്രമാണ് അധികം പഴക്കമില്ലാത്തത്. മറ്റ് രണ്ട് ജീപ്പുകളിൽ ഒന്ന് നാലുലക്ഷം കിലോമീറ്റർ ഓടിയതാണ്. എൻജിൻ പണി നടത്തേണ്ട ഈ ജീപ്പുകളിലാണ് പോലീസുകാർ വി.ഐ.പി.ഡ്യൂട്ടി അടക്കമുള്ള ജോലിചെയ്യേണ്ടത്.