മലപ്പുറം : മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നടപടി. മൂത്തേടം മേഖല സെക്രട്ടറി പി.കെ ശഫീഖിനെ സംഘടനാ ചുമതലകളില്‍ നിന്നും നീക്കി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചും ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂത്തേടം അങ്ങാടിയില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ‘കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിനെ അരിഞ്ഞ് വീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, അരിഞ്ഞ് തള്ളും ഓര്‍ത്തോളു..’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്.
സോഷ്യല്‍ മീഡിയകളില്‍ പ്രകടനത്തിന്റെയും മുദ്രാവക്യത്തിന്റെയും വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എടക്കര പോലിസ് രണ്ട് കേസുകളാണ് എടുത്തിട്ടുള്ളത്.