കൊൽക്കത്ത : കൊൽക്കത്തയിൽ ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെ സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് മുൻമുഖ്യമന്ത്രി മമതാ ബാനർജി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബരുയിപുറിൽ പതിനൊന്നുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചുള്ളതായിരുന്നു ടിഎംസി റാലി. അതിനിടെയാണ് സംഭവം. ‘മമതയുടെ കരണത്തടിയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവും പരിഹാസവുമായി രാഷ്ട്രീയ എതിരാളിയായ ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മമതാ ബാനർജിക്ക് അവരുടെ മാനസിക സന്തുലിതാവസ്ഥ പരിപൂർണമായി നഷ്ടമായി.
ഇന്നത്തെ മാർച്ചിനിടെ സ്വന്തം പാർട്ടിയിൽപ്പെട്ട നിരവധിയാളുകളെ അവർ തല്ലി’, പ്രവർത്തകനെ മമത തല്ലുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി കുറിച്ചു. പ്രതിഷേധമാർച്ചിനിടെ ജനക്കൂട്ടത്തെ ഒഴിവാക്കി മമതയ്ക്ക് പോകാൻ വഴിയൊരുക്കിയ പ്രവർത്തകനെയാണ് അവർ മർദിച്ചതെന്നാണ് സൂചന. അതിനിടെ ടിഎംസിയുടെ പ്രതിഷേധറാലി പലയിടത്തും ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചു. തുടർന്ന് സ്ഥിതി നിയന്ത്രിക്കാൻ പോലീസ് രംഗത്തിറങ്ങുകയും ചെയ്തിരുന്നു.






























