കൊല്‍ക്കത്ത : തൃണമൂല്‍ നേതാക്കളുടെ അറസ്റ്റ് കൊല്‍ക്കത്തയെ കലുഷിതമാകുന്നു. കൊല്‍ക്കത്തയില്‍ സിബിഐ ഓഫിസിലേയ്ക്കു നടത്തിയ തൃണമൂല്‍ പ്രതിഷേധത്തിനിടെ കല്ലേറ്. രണ്ട് മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
2014ല്‍ നാരദ പോര്‍ട്ടല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കൈക്കൂലി വാങ്ങി കുടുങ്ങിയ നേതാക്കളാണ് അറസ്റ്റിലായത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീമും സുബ്രത മുഖര്‍ജിയും എം.എല്‍.എ മദന്‍ മിത്രയും മുന്‍ മന്ത്രി സോവന്‍ ചാറ്റര്‍ജിയും കേസിനാസ്പദമായ കുറ്റകൃത്യം നടക്കുമ്പോള്‍ മമതയുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നല്‍കിയിരുന്നു. വീടുകളില്‍ നിന്ന് രാവിലെ കസ്റ്റഡിയിലെടുത്ത നേതാക്കളെ സി.ബി.ഐ ഓഫീസിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. അതേസമയം നടപടികള്‍ പാലിക്കാതെയാണ് നേതാക്കളെ അറസ്റ്റുചെയ്തതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
ഫിര്‍ഹാദ് ഹക്കീമും സുബ്രത മുഖര്‍ജിയും മദന്‍ മിത്രയും അഞ്ചുലക്ഷം രൂപ വീതം കൈപ്പറ്റുന്ന ദൃശ്യങ്ങളാണ് സ്റ്റിങ് ഓപ്പറേഷനിലുള്ളതെന്ന് സി.ബി.ഐ അറിയിച്ചു. സോവന്‍ ചാറ്റര്‍ജി നാലു ലക്ഷം രൂപയാണ് കൈപ്പറ്റിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സ്റ്റിങ് ഓപ്പറേഷന്‍ നാരദ പോര്‍ട്ടല്‍ പുറത്തുവിട്ടത്. നിലവില്‍ ബി.ജെ.പി നേതാക്കളായ അന്നത്തെ മമതയുടെ വിശ്വസ്തരായ സുവേന്ദു അധികാരിയും മുകുള്‍ റോയിയും സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.ബി.ഐ തയ്യാറാകാത്തത് നിലവില്‍ ബി.ജെ.പിയുടെ ഭാഗമായതുകൊണ്ടാണെന്നാണ് തൃണമൂലിന്റെ ആക്ഷേപം. നേതാക്കളുടെ അറസ്റ്റ് ബംഗാളില്‍ തുടരുന്ന തൃണമൂല്‍ ബി.ജെ.പി സംഘര്‍ഷം മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.