അഞ്ചൽ : കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം വീടുകളിൽ കയറിയിറങ്ങിയുള്ള പിരിവുകളും മറ്റും ഒഴിവാക്കണമെന്നുള്ള അധികൃതരുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി ബ്ലേഡ് കമ്പനിയുടെ ഏജന്റുമാര്‍ വീടുകളിൽ കയറിയിരുന്ന് ഭീഷണപ്പെടുത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം ഇടയം മൈനിക്കോട് പട്ടികജാതി കോളനിയിലെ ഏതാനും വീടുകളിലാണ് ഇത്തരം സംഭവം അരങ്ങേറിയത്.
കുടുംബശ്രീ അയൽക്കൂട്ടം മാതൃകയിലുള്ള ഗ്രൂപ്പുകൾ മുഖേന ബ്ലേഡ് പലിശക്കമ്പനികളില്‍ നിന്നും എടുത്തിട്ടുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളിലാണ് ഇവർ എത്തുന്നത്. രാവിലെ വീടുകളിൽ നിന്നും ആൾക്കാർ ജോലിക്ക് പോകുന്നതിനും മുന്നേ എത്തുന്ന രണ്ടും മൂന്നും പേരടങ്ങുന്ന സംഘം വീടുകളിൽ അതിക്രമിച്ചുകയറി ഇരുപ്പുറപ്പിച്ചുകൊണ്ട് പണവും കൊണ്ടേ തിരിച്ച് പോകൂവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. നേരത്തേ പല ആവശ്യങ്ങൾക്കായി ബ്ലേഡ് കമ്പനിയുടെ പണം നിരവധി പേർ വാങ്ങിയിട്ടുണ്ട്. അതൊക്കെ കൃത്യമായി തിരിച്ചടച്ചിട്ടുമുണ്ടെന്ന് ഇവര്‍ പറയുന്നു. സമ്പൂർണ ലോക്ഡൗണും കണ്ടെയ്ൻമെന്റ് സോണും ഒക്കെ വന്നതോടെ തൊഴിലില്ലാതെ വരികയും വായ്പ തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെയാണ് ഇപ്പോള്‍ പലരും കടക്കെണിയിലായത്.
പലിശക്കാർ വീട്ടിൽ കയറിയിരിക്കുന്നതിനാൽ ജോലിക്ക് പോകുന്നതിനും സാധിക്കുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവർത്തകർ മധ്യസ്ഥ ചർച്ച നടത്തിയിട്ടും ബ്ലേഡുകാർ വഴങ്ങിയില്ല. മുടക്കം വരുത്തിയ കാലത്തെ പലിശയും കൂട്ടുപലിശയും ആവശ്യപ്പെട്ടാണ് ഇവർ വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നത്. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് ഇവരോട് വീട്ടിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടപ്പോഴാണ് ബ്ലേഡുകാർ ഒഴിഞ്ഞുപോയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.