കൊല്ലം : ആശങ്കപ്പെടുത്തുകയാണ് കൊല്ലത്തെ കോവിഡ് രോഗികളുടെ എണ്ണം. കൊല്ലം ജില്ലയില്‍ 81 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 68 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ. ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും പുനലൂര്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റിലായവര്‍ക്കും കോവിഡ് പോസിറ്റീവാണ്. കൊല്ലം മേവറത്ത് നിന്ന് എക്‌സൈസ് പിടികൂടിയ കഞ്ചാവ് കേസ് പ്രതിയും കോവിഡ് ബാധിതനാണ്. കൊല്ലത്തെ രണ്ട് അഭിഭാഷകര്‍ക്കും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
മത്സ്യ ബന്ധന മേഖലയിലാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നു പിടിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കൊല്ലം തീരമേഖലയിലെത്തിയ 240 തമിഴ്‌നാട്ടുകാരായ മത്സ്യ ബന്ധന തൊഴിലാളികളില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ കൃത്യമായി ക്വാറന്റീന്‍ പാലിക്കാത്തത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. ജില്ലയില്‍ രോഗം പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച അഭിഭാഷകന്റെയും പോലീസിന്റെയും വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ഡിഎംഒ ഓഫീസിലെ ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് വിവരങ്ങള്‍ പുറത്തുവിടാതിരിക്കാതിരിക്കാനുള്ള കാരണമെന്ന് പറയുന്നു. കോവിഡ് പടര്‍ന്നു പിടിക്കുമ്പോഴും രോഗബാധിതരുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മറച്ചുവെക്കുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.