കുണ്ടറ : കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ശൗചാലയത്തിന്റെ കിളിവാതില്‍ പൊളിച്ച് ചാടിപ്പോയി. കരിക്കോട് ടികെഎം കോളജ് ഹോസ്റ്റലിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നയാളാണ് തിങ്കളാഴ്ച ചാടിപ്പോയത്.
മുറിയില്‍ ആളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശൗചാലയം അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടു. കതക് തുറക്കാത്തതില്‍ സംശയിച്ച് നടത്തിയ പരിശോധനയില്‍ ശൗചാലയത്തിന്റെ കിളിവാതില്‍ പൊളിച്ച് രണ്ടാംനിലയില്‍ നിന്ന് പൈപ്പില്‍ തൂങ്ങി താഴെയിറങ്ങി പുറത്തേക്ക് പോയതായി കണ്ടെത്തുകയായിരുന്നു. മേയ് ഒന്നിന് പേരൂരില്‍ കശുവണ്ടി ഫാക്ടറിക്കുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കിയ ആളാണിത്. എറണാകുളത്തുനിന്ന് എത്തിയതാണെന്നായിരുന്നു ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.