കൊല്ലം : 45 വര്‍ഷം മുമ്പ് വിമാനാപകടത്തില്‍ മരിച്ചുപോയെന്ന് കരുതിയ മകന്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് കൊല്ലം ശാസ്താംകോട്ടയിലെ 72 കാരിയായ ഫാത്തിമ ബീവി.
1971ലാണ് സജാദ് ഗള്‍ഫിലേക്ക് പോയത്. കേരളത്തില്‍ നിന്നുള്ള കലാകാരന്മാരെ ഗള്‍ഫില്‍ വിവിധ കലാപരിപാടിക്കായി എത്തിക്കുന്ന സംഘാടകനായിരുന്നു സജാദ്. ഇത്തരത്തില്‍ സജാദ് സംഘടിപ്പിച്ച കലാപരിപാടികളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിമാനാപകടം സംഭവിച്ച് നടി റാണി ചന്ദ്രയും കുടുംബാംഗങ്ങളും അടക്കം 956 പേര്‍ മരിച്ചു. സംഘാടകനായ സജാദും ഈ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ധരിച്ചിരുന്നത്.
രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഏറെ പ്രാര്‍ത്ഥിച്ചുണ്ടായ മകനായ സജാദ് മരിച്ചെന്ന് മറ്റുള്ളവര്‍ പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ ഫാത്തിമാ ബീവി തയ്യാറായിരുന്നില്ല. അരനൂറ്റാണ്ടോളം മകന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇവര്‍. തന്റെ പ്രാര്‍ത്ഥനയാണ് സജാദിനെ കണ്ടെത്താന്‍ സഹായിച്ചതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഈ 72കാരി. ഇത്രയും കാലം രാവും പകലും എവിടെയാണെന്ന് പോലും അറിയാതെ ആധിയോടെയായിരുന്നു കാത്തിരിപ്പ്. അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത്.