കൊല്ലം : തുടര്‍ച്ചയായ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ലെന്ന് കാട്ടി എഫ്.സി.ഐ കൊല്ലം മെയിന്‍ ഡിപ്പോയിലെ 12 തൊഴിലാളികളെ പിരിച്ചു വിടാന്‍ നോട്ടീസ് ആയച്ചു. 2016 മുതല്‍ 2021 ഒരു പ്രശ്നവും ഉണ്ടാകാതിരുന്ന എഫ്.സി.ഐ ഗോഡൗണുകളില്‍ പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങിയത് കോണ്‍ട്രാക്ട് വത്കരണ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴാണെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു. മാവേലിക്കര ഗോഡൗണില്‍ തുടക്കം കുറിച്ച പ്രശ്നങ്ങള്‍ കരുനാഗപ്പള്ളി ഗോഡൗണിലുമെത്തി. ഇവിടെ കോണ്‍ട്രാക്ട് വത്കരണം കരാറെടുത്ത ആലപ്പുഴ കേന്ദ്രീകരിച്ചുള്ള മൂവര്‍ സംഘത്തിന്റെ ലക്ഷ്യം വിജയിച്ചു.
ഇനിയിപ്പോള്‍ മൂവര്‍സംഘം നോട്ടമിട്ടിരിക്കുന്നത് കൊല്ലം ഡിപ്പോയെയാണ്. 116 തൊഴിലാളികള്‍ വേണ്ട കൊല്ലം ഗോഡൗണില്‍ 63 പേരാണ് നിലവിലുള്ളത്. ഇതില്‍ സിനിയോറിറ്റി കുറവുള്ള തൊഴിലാളികളാണ് ചൂഷണത്തിനിരയാക്കപ്പെടുന്നത്. പുതുതായി കരാര്‍ ഏറ്റെടുത്തവര്‍ വന്നതിനുശേഷമാണ് സ്ഥിതി വഷളായത്. മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.