കൊല്ലം : കട്ടൻചായ വിറ്റത് ലിറ്ററിന് 900 രൂപയ്ക്ക്. ചുമ്മാതല്ല, വിദേശമദ്യമാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് വിദേശമദ്യ കുപ്പിയിലാക്കി കട്ടൻചായ കൊടുത്തുവിട്ടത്. അഞ്ചാലുംമൂട് ബാറിന് സമീപത്താണ് സംഭവം.
ബാറിൽനിന്ന് മദ്യം വാങ്ങാനെത്തിയ അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് ചെറുപ്പക്കാരാണ് കബളിപ്പിക്കപ്പെട്ടത്. മധ്യവയസ്കനായ ഒരാൾ കുപ്പിയുമായി ഇവരെ സമീപിച്ചു. കൗണ്ടർ അടയ്ക്കാറായ സമയമായതിനാൽ ജീവനക്കാർ മദ്യം പുറത്തുകൊണ്ടുവന്നു നൽകുന്നതാകുമെന്നാണ് ചെറുപ്പക്കാർ കരുതിയത്. ചോദിച്ച വിലയുംനൽകി സാധനം വാങ്ങി സ്ഥലംവിട്ടു. പിന്നീട് കുപ്പി തുറന്നപ്പോൾ കട്ടൻചായ കണ്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.
സംഭവമറിഞ്ഞ് എക്സൈസ് സംഘം സ്ഥലത്തെത്തി ബാറിൽ പരിശോധന നടത്തി. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർക്ക് കുപ്പി നൽകിയയാൾ ബാർ ജീവനക്കാരനല്ലെന്ന് തെളിഞ്ഞത്. ഇയാൾക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നെന്നും കുപ്പി വിൽപ്പന നടത്തി അൽപ്പനേരത്തിനുശേഷം ഇവർ ഓട്ടോയിൽ സ്ഥലംവിട്ടെന്നും ദൃശ്യങ്ങളിൽനിന്ന് തെളിഞ്ഞു. തട്ടിപ്പുകാരെ ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ നടന്നത് കബളിപ്പിക്കലായതിനാൽ എക്സൈസിന് കേസെടുക്കാൻ നിർവാഹമില്ല.