കൊല്ലം: കൊല്ലത്ത് കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് നടത്താനിരുന്ന ലയൺസ് ക്ലബിന്റെ യോഗം പോലീസ് ഇടപെട്ട് തടഞ്ഞു. കൊല്ലം പരിമണത്തെ ഹോട്ടലിന്റെ കായലിലെ റിസോർട്ടിലെ ഒത്തുകൂടലാണ് ചവറ പോലീസ് തടഞ്ഞത്. കണ്ടെയിൻമെന്റ് സോണുകളിൽ നിന്നുവരെ ഭാരവാഹികൾ യോഗത്തിനെത്തിച്ചേർന്നിരുന്നു
ലയൺസ് ക്ലബ് ഡിസ്ട്രിക്ക് 318 ന്റെ ഗവർണ്ണർ കൊല്ലം സ്വദേശി പരമേശ്വരൻ കുട്ടിയുടെ നേതൃത്വത്തിലാണ് പി.എസ്.എ.റ്റി കൂളിംങ് എന്ന പേരിൽ ക്ഷണക്കത്തിറക്കി യോഗം വിളിച്ചത്. പ്രസിഡന്റ് T20 എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സന്ദേശം അയച്ചത് . 36 ക്ലബുകളിൽ 15 ക്ലബുകളുടെ യോഗം പരിമണത്തെ ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കായൽ റിസോർട്ടിൽ വെച്ച് 4ാം തീയതി ചേർന്നു. ബാക്കി 21 ക്ലബുകളുടെ യോഗമാണ് പോലീസ് ഇടപെട്ട് ഇന്നലെ തടഞ്ഞത്.
ഒരു ക്ലബിൽ നിന്ന് ഔദ്യോഗിക ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റർ, ട്രഷറർ എന്നിവരുൾപ്പടെ 4 പേർക്കാണ് ക്ഷണം. ഇവരെ കൂടാതെ ഗവർണ്ണറും സംഘാടകരായി പത്തോളം പേരും യോഗത്തിനുണ്ടായിരുന്നു. ഭാരവാഹികൾക്ക് പരിശീലനം നൽകുകയെന്ന വ്യാജേനെയാണ് ഒത്തുചേരലിന് കൊറോണ കാലത്ത് കളമൊരുക്കിയത്. ഒരാളിൽനിന്ന് 1000 രൂപ വീതം വാങ്ങിയാണ് പ്രതിനിധികളെ പ്രവേശിപ്പിക്കുന്നത്. ഉച്ച തിരിഞ്ഞ് 3 മണിമുതൽ 7 മണിവരെയാണ് ഒത്തുചേരൽ. കോക്ടെയിൽ ഡിന്നറോടെയാണ് യോഗമെന്നും സൂചനയുണ്ട്. യോഗത്തിൽ ചില ഭാരവാഹികൾ അവരുടെ കുടുംബാംഗങ്ങളെയും കൂടെ കൊണ്ടു വന്നിരുന്നു.
ഇന്നലെ എത്തിയവരിലും സ്ത്രീകൾ ഉണ്ടായിരുന്നു. ഇന്നലെ നടക്കേണ്ട യോഗത്തിൽ കായംകുളത്തെ കണ്ടയിൻമെന്റ് സോണിൽ നിന്നുള്ള കായംകുളം, കായംകുളം സെൻട്രൽ എന്നീ രണ്ടു ക്ലബുകളിൽ നിന്നുള്ള 7 പേരും പരിമണത്തെ ഹോട്ടലിൽ വന്നിരുന്നുവെന്നും സൂചനയുണ്ട്. സംഭവമറിഞ്ഞ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീനിവാസ് യേഗം തടയാൻ ചവറ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. രണ്ടു മണിയോടെ പോലീസെത്തി യോഗം വിലക്കിയതോടെ കാറുകളിൽ വന്ന ഭാരവാഹികൾ നടപടി ഭയന്ന് സ്ഥലം വിട്ടു.