സൗദി : ഒരേ കമ്പനിയിലെ ജോലിക്കാര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു കരുതപ്പെടുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തിനേറ്റ സാരമായ മുറിവോടെ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കൊല്ലം മൈലക്കാട് ഇത്തിക്കര സ്വദേശി സീതാ മന്ദിരത്തില്‍ സനല്‍ (35) ആണ് ഇന്നലെ ഉച്ചയ്ക്കു കൊല്ലപ്പെട്ട മലയാളി.
പ്രമുഖ പാല്‍ വിതരണ കമ്പനിയിലെ സെയില്‍സ് വാഹനത്തില്‍ ജോലിക്കാരായിരുന്നു ഇരുവരും. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയില്‍ ജബല്‍ ശഅബക്കടുത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹ സ്വപ്നവുമായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണമായ രീതിയില്‍ സനല്‍ കത്തിക്ക് ഇരയായത്. ഒരു വര്‍ഷം മുമ്പ് മാത്രം അല്‍ ഹസയിലെ ബ്രാഞ്ചില്‍ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കന്‍ പ്രകൃതക്കാരനായിരുന്നെന്ന് സനലിന്റെ സുഹൃത്തുക്കള്‍ പറയുന്നു. നിവൃത്തികേടു കൊണ്ടാണ് ഇദ്ദേഹത്തിന്റെ കൂടെ ജോലിക്ക് പോകുന്നതെന്നും സനല്‍ പറഞ്ഞിരുന്നു. ശഅബയിലെ ഒരു കടയില്‍ പാല്‍ വിതരണത്തിന് എത്തിയപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി ദൃക് സാക്ഷികള്‍ പറയുന്നു.
ഈ തര്‍ക്കം മുര്‍ച്ഛിച്ചതാകാം കത്തിക്കുത്തിലേക്കു നയിച്ചത്. കൈയില്‍ അനുഭവപ്പെട്ട വേദന കാരണം തുടര്‍ ചികിത്സക്കായി ദീര്‍ഘകാലത്തെ അവധി ലഭിക്കാത്തതിനാല്‍ നിലവിലെ ജോലി ഉപേക്ഷിച്ച് പോകാനിരുന്നതായിരുന്നു സനല്‍ എന്നാണു കൂട്ടുകാര്‍ പറയുന്നത്. നിരവധി സാമൂഹിക സഹായ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു സനല്‍. പത്തു വര്‍ഷമായി അല്‍ ഹസയിലുണ്ട്. അച്ഛന്‍ നഷ്ടപ്പെട്ട ശേഷം സനലായിരുന്നു അമ്മക്കും ഏക സഹോദരിക്കും ആശ്രയം. ഒന്നര വര്‍ഷം മുമ്പ് വിവാഹത്തിനായി നാട്ടിലേക്ക് പോയെങ്കിലും നടന്നില്ല. പിതാവ് – പരേതനായ സദാനന്ദന്‍. അമ്മ – സീതമ്മ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.