കൊല്ലം : കൊല്ലം താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിലെ പതിനഞ്ച് കോടി തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. പന്ത്രണ്ട് വർഷം മുമ്പത്തെ തട്ടിപ്പിൽ പണം നഷ്ടമായവർ നിക്ഷേപിച്ച പണമെങ്കിലും തിരികെ കിട്ടാനുള്ള നെട്ടോട്ടത്തിലാണ്.
പതിനായിരം രൂപ മുതല്‍ നാല്‍പത് ലക്ഷം രൂപ വരെ നഷ്ടമായവര്‍. ഇവരുടെ ജീവിതസമ്പാദ്യമാണ് സി.പി.എം ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് പന്ത്രണ്ട് വര്‍ഷം മുമ്പ് മുക്കിയത്. നിക്ഷേപകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുളളത് പന്ത്രണ്ട് കോടി രൂപ. സഹകരണ റജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയതാകട്ടെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകള്‍.
വ്യാജ ചെക്കുകള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കംപ്യൂട്ടറിൽ തിരിമറി നടത്തി നിക്ഷേപത്തിന്മേൽ പലിശയിനത്തിൽ ലക്ഷങ്ങള്‍ തട്ടിയെന്നും കണ്ടെത്തി. സ്വന്തം അക്കൗണ്ടിലെ സ്ഥിര നിക്ഷേപം നിശ്ചിത കാലാവധിക്ക് മുന്പ് പിന്‍വലിച്ചു. പക്ഷേ നിയമം ലംഘിച്ച് കൂടുതൽ തുക പലിശയായി കീശയിലാക്കി. മുന്‍ പ്രസിഡന്‍റിന് നൽകിയ പലിശയില്ലാ വായ്പയാണ് മറ്റൊരു ക്രമക്കേട്. തട്ടിയെടുത്ത പണം തിരിച്ചു പിടിക്കണമെന്ന് ശുപാര്‍ശ ചെയ്തെങ്കിലും ഒന്നും നടപ്പായില്ല.
കേസ് അന്വേഷിച്ച പോലിസ് സെക്രട്ടറിയെയും ഭരണ സമിതി അംഗങ്ങളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതിനപ്പുറത്തേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയില്ല. കേസ് അന്വേഷിച്ച് പല ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോകുകയും ചെയ്തു. പക്ഷേ അന്വേഷണറിപ്പോര്‍ട്ട് മാത്രമായില്ല. നടപടിയും.