പത്തനംതിട്ട : അന്തർദേശീയമഹിളാദിനത്തോടനുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകയ്ക്കുള്ള പുരസ്കാരം സിനിമാക്കഥയെ വെല്ലുന്ന രാഷ്ട്രീയ ജീവിതം നയിച്ച കോമളം അനിരുദ്ധന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും വേഗവര യിലെ ലോക റെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി സമ്മാനിച്ചു. 21 ആം വയസ്സിൽ ഭർത്താവ് അനിരുദ്ധൻ രക്തസാക്ഷിയായതിനെത്തുടർന്ന് ഭർത്താവിന്റെ രാഷ്ട്രീയ പാതയിലൂടെ സഞ്ചരിച്ച് സമരതീഷ്ണമായ ജീവിതം നയിച്ച കോമളം അനിരുദ്ധൻ പത്തനംതിട്ട ജില്ലാ കൗൺസിൽ മെമ്പർ, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സി പി എം ജില്ലാക്കമ്മറ്റി അംഗം എന്നീ നിലകളിൽ കഴിവുതെളിയിച്ച രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകയാണ്. ഏപ്രിലിൽ ചെന്നൈയിൽ നടക്കുന്ന സി.പി.എം 24 ആം അഖിലേന്ത്യാ പാർട്ടി കോൺഗ്രസിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏക വനിതാ പ്രതിനിധിയുമാണ് ഇവർ.
പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, സി.പി.ഐ (എം ) പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്ജു, പുരസ്കാര ജേതാവ് കോമളം അനിരുദ്ധൻ, സക്കീർ അലങ്കാരത്ത്, പി. സക്കീർ ശാന്തി, രജീല ആർ.രാജം, ബിജു ആർ.പിള്ള, അഡ്വ.പി.സി ഹരി, ബിജോയ് വർഗ്ഗീസ്, കെ.പി.രവി, വിഷ്ണു ജയൻ, കെ.സി.വർഗ്ഗീസ്, എസ്.രാജേശ്വരൻ, ജോജി ചേന്തിയേത്ത്, ശ്രീജിത്ത് എം.എസ് തുടങ്ങിയവർ പ്രസംഗിച്ചു.