കൊച്ചി: അങ്കമാലിയിലെ മൂലൻസ് ഇന്റർനാഷനൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് (Moolans International Exim Private Limited) ഉടമകളുടെ പേരിലുള്ള 40 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉത്തരവിട്ടു. നിയമവിരുദ്ധമായി സൗദി അറേബ്യയിലെ കമ്പനിയിലേക്കു പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ അന്വേഷണത്തെ തുടർന്നാണു നടപടി. മൂലൻസ് ഗ്രൂപ്പിന്റെ 40 കോടിയുടെ വസ്തുവകകൾ കണ്ടുകെട്ടാൻ കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ എൻ.കെ.മോഷയാണ് ഉത്തരവിട്ടത്.
വിദേശനാണ്യ വിനിമയചട്ടം (ഫെമ) ലംഘിച്ചാണ് സൗദിയിൽ ഇവർക്ക് 75 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്കു പണം കടത്തിയത് എന്നാണ് ഇ.ഡി കണ്ടെത്തൽ. കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജോസഫ് മൂലൻ, ഡയറക്ടർമാരായ സാജു മൂലൻ ദേവസി, ജോയ് മൂലൻ ദേവസി, ആനി ജോസ് മൂലൻ, ട്രീസ കാർമൽ ജോയ്, സിനി സാജു എന്നിവരുടെ പേരില്‍ അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂർ, ചാലക്കുടി എന്നീ സബ് രജിസ്ട്രാർ ഓഫിസുകളുടെ പരിധിയിൽ വരുന്ന വസ്തുവകകളാണു കണ്ടുകെട്ടുന്നത്. ഇവയുടെ വിൽപ്പനയും കൈമാറ്റവും നടത്താൻ അനുവദിക്കരുതെന്ന ഉത്തരവും ഇ.ഡി സബ് റജിസ്ട്രാർമാർക്കു കൈമാറി.