മുണ്ടക്കയം : കൊമ്പുകുത്തിയും ചെന്നാപ്പാറയും കൈയ്യടക്കി വന്യമൃഗങ്ങള്‍, കൃഷിനാശവും വളര്‍ത്തു മൃഗങ്ങളെ കൊന്നിടലും പതിവാകുന്നു. കൊമ്പുകുത്തിയില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനക്കൂട്ടവും ബുധനാഴ്ച പുലിയുമിറങ്ങി. കാട്ടാനക്കൂട്ടം കൃഷിയാണ് നശിപ്പിച്ചതെങ്കില്‍ പുലി വളര്‍ത്തുനായെ കടിച്ചുകീറി കൊന്നു. കൊമ്പുകുത്തി പുത്തന്‍വീട്ടില്‍ വത്സല ചെല്ലപ്പന്റെ കൃഷിയിടത്തിലും പരിസരത്തുമാണ് ചൊവ്വാഴ്ച രാത്രി 11ഓടെ കാട്ടാനകള്‍ എത്തിയത്. വീടിനോട് ചേര്‍ന്ന പുരയിടത്തിലെ തെങ്ങ്, കമുക്, വാഴ അടക്കം കൃഷി പൂര്‍ണമായി നശിപ്പിച്ചു. വത്സല ഒറ്റക്കായിരുന്നതിനാൽ പുറത്തിറങ്ങിയില്ല. റബര്‍തോട്ടവും ശബരിമല വനവും അതിരുപങ്കിടുന്ന പ്രദേശമാണിത്. ഇവിടെ കാട്ടാനക്കൂട്ടമിറങ്ങുന്നത് നിത്യസംഭവമാണ്.
ബുധനാഴ്ച രാത്രിയോടെയാണ് മേഖലയില്‍ പുലിയിറങ്ങിയതെന്ന് കരുതുന്നു. കൊമ്പുകുത്തി കണ്ണാട്ടുകവല മുളങ്കുന്നുഭാഗത്ത് കാഞ്ഞിരമുകളില്‍ ശ്രിനിവാസന്റെ വീടിനോട് ചേര്‍ന്ന് കെട്ടിയിട്ട വളര്‍ത്തുനായെ കടിച്ചുകീറി കൊന്നതായി കണ്ടെത്തി. ശരീരഭാഗങ്ങള്‍ കൊണ്ടുപോയ നിലയിലാണ്. ചെന്നാപ്പാറയില്‍ കഴിഞ്ഞ ദിവസം ടാപ്പിങ് തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നു. കണ്ണാട്ടുകവലയില്‍ കാട്ടുപോത്തും എത്തിയിരുന്നു. രാജവെമ്പാലയെ പിടികൂടിയതും ചെന്നാപ്പാറയിലാണ്. മേഖലയില്‍ വന്യമൃഗശല്യം വര്‍ധിച്ചുവരുകയാണ്. ഒരുവര്‍ഷത്തിനിടയില്‍ മുപ്പതോളം വളര്‍ത്തുനായ്ക്കളെ നഷ്ടമായിട്ടുണ്ട്