കോന്നി : കോന്നിയിൽ സ്വകാര്യ ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കോന്നി ചൈനാമുക്ക് ഗുരുമന്ദിരത്തിന് സമീപം രാവിലെ ഒൻപത് മണിയോടെ ആണ് അപകടം നടന്നത്. പത്തനംതിട്ട ഭാഗത്ത് നിന്നും പുനലൂർ ഭാഗത്തേക്ക് പാൽ വിതരണത്തിന് പോയ പിക് അപ് വാനും എതിരെ വന്ന സ്വകാര്യ ബസും ആണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പിക് അപ് ഡ്രൈവർ എരുമേലി തുണ്ടിയിൽ വീട്ടിൽ ടോണി(32),കൂടെ ഉണ്ടായിരുന്ന ജിനു ബസ് യാത്രക്കാരായ കലഞ്ഞൂർ ലക്ഷ്മി വിലാസം രാധാമണി (49), പയ്യനാമൺ പുത്തൻവീട്ടിൽ അനീഷ്കുമാർ(42) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപെട്ടു.
സംഭവം കോന്നി പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു എങ്കിലും വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാതെ ഇരുന്നതിനാൽ പോലീസ് എത്തിയില്ല. അപകടത്തിൽ മുൻഭാഗം തകർന്ന പിക് അപ് വാൻ റോഡിന് നടുവിൽ കുടുങ്ങി കിടന്നത് മൂലം ഗതാഗതം പൂർണമായി തടസപ്പെടുകയായിരുന്നു. തുടർന്ന് കോന്നി അഗ്നി ശമന രക്ഷാ സേന എത്തി അപകടത്തിൽപെട്ട വാഹനം റോഡിൽ നിന്നും മാറ്റുകയും റോഡിൽ വീണ ഓയിൽ നീക്കം ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞത്.