കോന്നി : കോന്നി ആനത്താവളത്തിലെ കുട്ടികൊമ്പൻ മണികണ്ഠൻ ചരിഞ്ഞു. ശനിയാഴ്ച്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അന്ത്യം. ഹെർണിയ അസുഖത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. അസുഖത്തെ തുടർന്ന് രണ്ട് ദിവസമായി ക്ഷീണാവസ്ഥയിലായിരുന്നു ആനകുട്ടി. അടുത്ത ദിവസം ഹെർണിയക്ക് ഓപ്പറേഷൻ നടത്തുവാൻ തയ്യാറെടുക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്.
ഏപ്രിൽ ഇരുപതിനാണ് നിലമ്പൂരിൽ നിന്നും ആനകുട്ടിയെ കോന്നിയിൽ എത്തിക്കുന്നത്. കോന്നി ആനത്താവളത്തിൽ പത്ത് വർഷത്തിന് ശേഷം ലഭിച്ച രണ്ട് മാസം പ്രായമായ ആനകുട്ടി എന്ന പ്രത്യേകതയും ഇതിനുണ്ട്. ആനക്കൂടിനുള്ളിൽ ആയിരുന്നു മണികണ്ഠനെ ആദ്യം പാർപ്പിച്ചിരുന്നത്. പിന്നീട് ഇതിനെ പ്രത്യേക മുറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആനക്കുട്ടിയെ കോന്നി ഉളിയനാട് വനത്തിൽ അടക്കം ചെയ്യുമെന്ന് കോന്നി ഡി എഫ് ഒ കെ എൻ ശ്യാം മോഹൻലാൽ അറിയിച്ചു.