കോന്നി : ആവണിപ്പാറ പട്ടികവർഗ സങ്കേതത്തിലെ നിവാസികൾക്ക് വേണ്ടത് നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. വാർത്താ വിനിമയ സംവിധാനങ്ങളും ഒടുവിൽ വൈദ്യുതിയും എത്തിയെങ്കിലും കോളനിയിലേക്ക് പ്രവേശിക്കാനുള്ള പ്രയാസം തുടരുകയാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നാൽ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗവും ഇല്ലാതാകും. പിന്നീട് ജീവൻ പണയം വെച്ചുള്ള യാത്രയാകും നടത്തുക. മുൻപ് വനംവകുപ്പിന്റെ വള്ളമായിരുന്നു കടത്തിനായി ഉപയോഗിച്ചിരുന്നത്.
അത് നശിച്ചതോടെ മുളംചങ്ങാടത്തിലായി യാത്ര പിന്നീടാണ് ഇപ്പോഴുള്ള ഫൈബറിന്റെ വള്ളം ലഭിച്ചത്. ഇത് പട്ടിക വർഗ വകുപ്പിൽ നിന്ന് അനുവദിച്ചതാണ്. ഇതും തകർച്ചയിലായിട്ടുണ്ട്. അച്ചൻകോവിൽ വനത്തിൽ മഴ പെയ്താൽ പെട്ടെന്ന് നദിയിൽ ജലനിരപ്പുയരും. ശക്തമായ ഒഴുക്കും ഉണ്ടാകും. വെള്ളം കുറവാണെന്ന് തോന്നിക്കുമെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും നടന്നു പോകാൻ കഴിയില്ല. കോളനിയിൽ ഒട്ടേറെ കുട്ടികളാണ് ഉള്ളത്.
യാത്രാ സൗകര്യമില്ലാത്തത് ഇവരുടെ പഠനത്തെ ബാധിക്കുമെന്നതാണ് ഏറെ പ്രശ്നം. കൊല്ലം, പുനലൂർ, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ പോയാണ് കുട്ടികൾ വിദ്യാഭ്യാസം നടത്തുന്നത്. രാവിലെ സ്കൂളിലേക്കു പോയാൽ മടങ്ങി വരുമ്പോൾ മഴ പെയ്ത് വെള്ളം ഉയരുന്ന സാഹചര്യമുണ്ട്. രോഗികളായവരെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റ് ആവശ്യങ്ങൾക്കും നദി കടക്കാതെ ഒന്നും ചെയ്യാൻ കഴിയുകയില്ല. അതിനാൽ ഉടൻ നടപ്പാലം വേണമെന്ന ആവശ്യമാണ് കോളനി നിവാസികൾ.