കോന്നി : കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ വാർപ്പിന്റെ തട്ടിളക്കുന്നതിനിടയിൽ കോൺക്രീറ്റ് ഇടിഞ്ഞു വീണ് ഒരാള്‍ കൊല്ലപ്പെടുവാനിടയായ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ കോന്നി പോലീസ്. കോന്നി മരങ്ങാട്ട് പുതുപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണയാണ് അപകടത്തില്‍ മരിച്ചത്.
പതിനഞ്ച് വർഷത്തിലധികമായി കെട്ടിടനിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു ഈ യുവാവ്. കെട്ടിടം നിർമ്മിച്ച് വിൽക്കുന്ന കോന്നി വിൽസൺ വില്ലയിൽ ജോസ് എന്നയാൾ തന്റെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതുൽ കൃഷ്ണയെ ഏൽപ്പിക്കുന്നത് മാസങ്ങൾക്ക് മുമ്പാണ്. സാധാരണയായി മേൽക്കൂരയുടെ വാർപ്പ് കഴിഞ്ഞ് ഇരുപത് ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മാത്രമാണ് വാർപ്പിന്റെ തട്ടുകൾ ഇളക്കിമാറ്റുന്നത്. ഈ കാലയളവിൽ മാത്രമേ മേൽക്കൂര ബലപ്പെടുകയുള്ളു എന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഒരാഴ്ച പോലും കഴിയാതെയാണ് അതുലിനെ കൊണ്ട് കെട്ടിട ഉടമ തട്ട് ഇളക്കിച്ചതെന്നും ആക്ഷേപമുണ്ട്. ഈ വിഷയത്തിൽ അന്വേഷണം നടത്താതെയാണ് കോന്നി പോലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
സാധാരണയായി ആത്മഹത്യ കേസുകളിലും മറ്റും രജിസ്റ്റർ ചെയ്യുന്ന വകുപ്പായ അസ്വാഭാവിക മരണത്തിന് മാത്രമാണ് കോന്നി പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. മറിച്ച് വിൽക്കുവാനായി നിർമ്മിക്കുന്ന ഇത്തരം കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഗുണനിലവാരം കുറഞ്ഞ സിമന്റും കമ്പിയും ആണ് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. ഇത് പരിശോധിക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. മാത്രമല്ല യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഭിത്തിയുടെ മൂലകളിൽ സ്ഥാപിച്ച തൂണുകളിൽ ബലം കൊടുത്താണ് മേൽക്കൂര വാർത്തതെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. തട്ട് ഇളക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ തട്ടലിലും മുട്ടലിലും കോൺക്രീറ്റ് ബന്ധിപ്പിച്ച തൂണും അടർന്നുപോയിരുന്നു. ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.