കൊച്ചി : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പുകേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍ കോന്നി സി.ഐ രാജേഷിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മനോജ് വി.ജോര്‍ജ്ജ്, ഹൈക്കോടതി അഭിഭാഷകന്‍ രാജേഷ് കുമാര്‍ റ്റി.കെ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസ് കാര്യക്ഷമമായി കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് കോന്നി സി.ഐ രാജേഷ്, രണ്ടാമത്തെ മകള്‍ റിയയെ നിലമ്പൂരില്‍ എത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതും ഇദ്ദേഹമാണ്. പ്രമാദമായ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ ഇദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടി അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത് വരെ കോന്നി സി.ഐ രാജേഷിനെ തല്‍സ്ഥാനത്ത് തുടരുവാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസ് തിങ്കാളാഴ്ച കോടതി പരിഗണിക്കും.