കോന്നി : കോന്നി സീറ്റ് സ്വപ്നം കണ്ടുകൊണ്ടിരുന്ന കെ.പി.സി.സി സെക്രട്ടറി എന്‍.ഷൈലാജിനുനെരെ കോന്നിയില്‍ പടയൊരുക്കം. കോന്നിയിലെ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍പോലും കഴിയാത്ത ഷൈലാജിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് മിക്കവരും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു.
കോന്നിയില്‍ റോബിന്‍ പീറ്ററിന് വിജയ സാധ്യതയുണ്ടോ എന്ന ചാനലുകാരുടെ ചോദ്യത്തിന് വിജയസാധ്യതയുള്ള ആളാണ് റോബിന്‍ പീറ്റര്‍ എന്നും താന്‍ കോന്നിയില്‍ മത്സരിക്കുവാന്‍ എത്തുമ്പോള്‍ റോബിന്‍ പ്രമാടം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധി ആയിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വളച്ചൊടിച്ചുകൊണ്ട്, റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ അടൂര്‍ പ്രകാശ് വീണ്ടും ആവശ്യപ്പെട്ടു എന്നാണ് പാര്‍ട്ടിയിലെ എതിര്‍ഭാഗം പറഞ്ഞുപരത്തിയത്.
അടൂര്‍ പ്രകാശിനെതിരെ ഡി.സി.സി സെക്രട്ടറി സാമുവര്‍ കിഴക്കുപുറവും എം.എസ് പ്രകാശും പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നു. ഇതാണ് ഇപ്പോള്‍ പ്രശ്നം കൂടുതല്‍ വഷളാക്കിയത്. കോന്നി സീറ്റിന് മോഹം ഉണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതിയെന്ന് എന്‍.ഷൈലാജിനോട് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ടുപറഞ്ഞതായാണ് സൂചന. ജാതിയും സമുദായവും പറഞ്ഞ് കോന്നിയില്‍ ആരും കച്ച മുറുക്കെണ്ടെന്നും ജയ സാധ്യത മാത്രം നോക്കിവേണം സ്ഥാനാര്‍ഥിയെ തീരുമാനിക്കാനെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. കോന്നിയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കൂടി താല്‍പ്പര്യമുള്ളവര്‍ വേണം മത്സര രംഗത്ത് വരുവാന്‍ എന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വിവാദമുണ്ടാക്കി കോന്നി സീറ്റില്‍ മത്സരിക്കാന്‍ ഇല്ലെന്ന് എന്‍.ഷൈലാജ് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും. പ്രവര്‍ത്തകരെ പിണക്കിക്കൊണ്ട് മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷൈലാജ് വ്യക്തമാക്കി.