കോന്നി : നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ മലയോര മണ്ഡലം ആവേശത്തിലായി. കേരളം ഉറ്റുനോക്കുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാകും കോന്നി. ഇടത് മുന്നണി സ്ഥാനാർത്ഥിയായി നിലവിലെ എം എൽ എ കെ യു ജെനീഷ് കുമാറിന്റെ സ്ഥാനാർഥിത്വം മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി ക്യാമ്പുകൾ സജീവമായി. ജെനീഷ് കുമാറിന് കോന്നി മണ്ഡലത്തിലെ സീതത്തോട്, ചിറ്റാർ, കോന്നി പഞ്ചായത്തുകളിൽ എൽ ഡി എഫ് വലിയ സ്വീകരണമാണ് ഒരുക്കിയത്.
എന്നാൽ വലത് ക്യാമ്പിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് യാതൊരുവിധ പ്രഖ്യാപനവും ഉണ്ടായിട്ടില്ല. സ്ഥാനാര്‍ഥി പട്ടികയിലുള്ള റോബിൻ പീറ്റർക്കെതിരെ തുടക്കം മുതൽ തന്നെ കോൺഗ്രസിൽ നിന്നും ശക്തമായ എതിർപ്പുകളാണ് ഉയരുന്നത്. എൻ ഡി എ സ്ഥാനാർത്ഥിയായി ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ തന്നെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഏതായാലും കഴിഞ്ഞ ഒന്നര വർഷക്കാലം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വലിയ ഒരു മുതൽകൂട്ടായി ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.