കോന്നി : ആഗസ്റ്റ് 12 ലോക ഗജദിനം ആചരിക്കുമ്പോൾ ശോക മൂകമാണ് കോന്നി ആനത്താവളം. കോന്നി ആനത്താവളത്തിലും ഗജ ദിനാചരണം സംഘടിപ്പിച്ചിട്ടുണ്ട് എങ്കിലും തുടർച്ചയായ വർഷങ്ങളിൽ ആനതാവളത്തിലെ ആനകൾ ചരിഞ്ഞത് ഗജ ദിനത്തിന്റെ പ്രൗഢി കുറച്ചിരിക്കുകയാണ്. കോന്നിയുടെ അഭിമാനമായി നിലനിൽക്കുന്ന കോന്നി ആനതാവളത്തിൽ കോന്നി കൊച്ചയ്യപ്പനാണ് അവസാനമായി ചരിഞ്ഞത്. പ്രീയദർശനി(42), മീന (34), ഈവ(23), കൃഷ്ണ (13) എന്നീ ആനകൾ മാത്രമാണ് കോന്നി ആനത്താവളത്തിൽ ഇനി ആകെ അവശേഷിക്കുന്നത്. 2015ൽ കുട്ടിയാനാകളായ ലക്ഷ്മി 2020ൽ പിഞ്ചുവും അമ്മുവും മുതിർന്ന ആനകളായ മണിയനും 2024 ൽ കോടനാട് നീലകണ്ഠനും മണിയും കല്പനയും അടക്കമുള്ള കേരളം അറിയപ്പെടുന്ന ആനകളാണ് കോന്നി ആനത്താവളത്തിൽ ചരിഞ്ഞത്.
കോന്നി ആനതാവളത്തിലെ ആനകൾ തുടർച്ചയായി ചരിയുന്ന സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു വർഷത്തിന് ഇടയിൽ മൂന്ന് ആനകൾ കോന്നി ആന താവളത്തിൽ ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന കോന്നി ആനതാവളത്തിലെ മണി എന്ന കൊമ്പനാന ഇരണ്ടകെട്ടിനെ തുടർന്നാണ് ചരിഞ്ഞത്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയാന പിഞ്ചു ചരിഞ്ഞത്. ജൂനിയർ സുരേന്ദ്രനും കല്പനയും കുട്ടിയായിരുന്നപ്പോൾ ചരിഞ്ഞു. ഹെർപിസ് രോഗ ബാധയെ തുടർന്നാണ് ലക്ഷ്മി, അമ്മു എന്നീ കുട്ടിയാനകൾ ചെരിഞ്ഞത്. മണി ചരിഞ്ഞത് സ്വാഭാവികം എന്ന് കരുതി എങ്കിലും കുട്ടിയാനകൾ തുടർച്ചയായി ചരിഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടയിൽ പോലും സംശയമുളവാക്കിയിരുന്നു. കേരളത്തിൽ മുത്തങ്ങ, കോട്ടൂർ,കോടനാട് എന്നിവടങ്ങളിൽ വനം വകുപ്പിന്റെ ആന ക്യാമ്പുകൾ ഉണ്ടെങ്കിലും കോന്നിയിൽ ഇത്രയധികം ആനകൾ ചരിഞ്ഞത് എന്നും സംശയത്തിന്റെ നിഴലിലാണ്.






























